വടകരയിലെ സാധാരണക്കാരുടെ സമാധാന ജീവിതം തകർക്കുന്ന തീക്കളി അവസാനിപ്പിക്കണം​: പി. മുജീബുറഹ്മാന്‍

ആത്യന്തികമായി രാജ്യം ഭീഷണിയായിക്കാണുന്ന വർഗീയ ശക്തികൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് മതേതരമേനി നടിക്കുന്നവർ പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ

Update: 2024-05-06 16:39 GMT
Advertising

കോഴിക്കോട്: താൽക്കാലിക രാഷ്ട്രീയലാഭത്തിനായി ആരും വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തെറിയരുതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍. കേരളത്തിൽ നടക്കുന്ന മത്സരം ഇന്ത്യാമുന്നണിയിൽ സഹകരിക്കുന്ന രണ്ട് കക്ഷികൾ തമ്മിലാണ്. ആത്യന്തികമായി രാജ്യം ഭീഷണിയായിക്കാണുന്ന വർഗീയ ശക്തികൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് മതേതരമേനി നടിക്കുന്നവർ  പയറ്റിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ പുറംചട്ടയണിഞ്ഞ് വർഗീയത അഴിഞ്ഞാടിയ ഇടങ്ങൾ വടകര പോലുള്ള പ്രദേശങ്ങൾക്കുണ്ടെന്ന യാഥാർഥ്യം നാമാരും വിസ്മരിക്കരുത്. ദീർഘകാലമെടുത്തു സാധാരണക്കാർക്കിടയിലെ ആ മുറിവുണങ്ങാൻ. നേതാക്കൾക്ക് ഒരുപക്ഷെ ഒന്നിക്കാനും ഒരുമിച്ചുണ്ണാനും കൂട്ട് ബിസിനസ്സ് നടത്താനും മുന്നണികളും പാർട്ടികളും മാറിമാറി ഭാഗ്യപരീക്ഷണങ്ങൾ നടത്താനുമെല്ലാം എളുപ്പമായിരിക്കും. എന്നാൽ, ഒരു നാട്ടിൽ ഒന്നിച്ചുജീവിക്കുന്ന, വഴിയും കിണറും വയലുമെല്ലാം ഒരുമിച്ച് പങ്കുവെക്കുന്ന, സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മണ്ണിൽ സ്വസ്ഥജീവിതം നയിക്കുന്നവരെ വർഗീയ വിഭജനത്തിലൂടെ തമ്മിലടിപ്പിച്ചാൽ ഇരകളാക്കപ്പെടുന്നത് പാവങ്ങളും സാധാരണക്കാരുമായ പച്ച മനുഷ്യരായിരിക്കും. അതിനെ തിരിച്ചുപിടിക്കുക അത്ര എളുപ്പവുമായിരിക്കില്ല.

തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വൈകാരികതയും മൽസരബുദ്ധിയും ഇലക്ഷന് ശേഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയപക്വത രാഷ്ട്രീയപാർട്ടികളുടെ ഭാഗത്ത് നിന്നും കേരളം പ്രതീക്ഷിച്ചിരുന്നു. ദൗർഭാഗ്യവശാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഫെയ്ക്ക് ഐഡിയിൽ രൂപപ്പെട്ട 'കാഫിർ' പ്രയോഗത്തെ തീബോംബ് കണക്കെ ആധികാരികമായി മതേതരവാദികൾ പോലും വീണ്ടുമെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സാധാരണക്കാരുടെ സമാധാന ജീവിതം തകർക്കുന്ന ഈ തീക്കളി അവസാനിപ്പിക്കണം.തെരഞ്ഞെടുപ്പിൽ ആരു തോറ്റാലും ജയിച്ചാലും ആഹ്ലാദാവേശത്തിലോ പരാജയക്കലിപ്പിലോ സംഭവിക്കാവുന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണം.

രാജ്യത്ത് വംശീയ ഭീകരത നടപ്പിലാക്കുന്ന സംഘപരിവാർ സർക്കാരിനെ താഴെയിറക്കാനും രാജ്യത്തിന്റെ മതേതര പാരമ്പര്യം തിരിച്ചുപിടിച്ച് സാഹോദര്യവും സഹവർത്തിത്വവും ശക്തിപ്പെടുത്താനുമാണ് ഇന്ത്യാമുന്നണി രൂപപ്പെട്ടത്. ഇന്ത്യ മുന്നണിയിലെ രണ്ട് കക്ഷികൾ പരസ്പരം വർഗീയതയാരോപിക്കുന്നതവസാനിപ്പിക്കണം. കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ ശരിവെക്കുന്ന ഇടമായി വടകരയടക്കമുള്ള പ്രദേശങ്ങൾ ഉയർന്നുനിൽക്കണം. എല്ലാറ്റിനുമപ്പുറം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവസാന പുഞ്ചിരി സംഘ്പരിവാറിൻ്റെ മുഖത്തായിരിക്കില്ല എന്ന് നാം ഉറപ്പുവരുത്തണമെന്നും അമീർ പറഞ്ഞു.

പി.മുജീബുറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താൽക്കാലിക രാഷ്ട്രീയലാഭത്തിനായി ആരും വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തെറിയരുത്. കേരളത്തിൽ നടക്കുന്ന മൽസരം ഇന്ത്യാമുന്നണിയിൽ സഹകരിക്കുന്ന രണ്ട് കക്ഷികൾ തമ്മിലാണ്. രാജ്യത്ത് വംശീയ ഭീകരത നടപ്പിലാക്കുന്ന സംഘപരിവാർ സർക്കാരിനെ താഴെയിറക്കാനും രാജ്യത്തിന്റെ മതേതര പാരമ്പര്യം തിരിച്ചുപിടിച്ച് സാഹോദര്യവും സഹവർത്തിത്വവും ശക്തിപ്പെടുത്താനുമാണ് ഇന്ത്യാമുന്നണി രൂപപ്പെട്ടത്. എന്നാൽ ആത്യന്തികമായി രാജ്യം ഭീഷണിയായിക്കാണുന്ന വർഗീയ ശക്തികൾക്ക് വഴിമരുന്നിട്ട് കൊടുക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് മതേതര മേനി നടിക്കുന്നവർ ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. 

രാഷ്ട്രീയ പുറംചട്ടയണിഞ്ഞ് വർഗീയത അഴിഞ്ഞാടിയ ഇടങ്ങൾ വടകര പോലുള്ള പ്രദേശങ്ങൾക്കുണ്ടെന്ന യാഥാർഥ്യം നാമാരും വിസ്മരിക്കരുത്. ദീർഘകാലമെടുത്തു സാധാരണക്കാർക്കിടയിലെ ആ മുറിവുണങ്ങാൻ. നേതാക്കൾക്ക് ഒരുപക്ഷെ ഒന്നിക്കാനും ഒരുമിച്ചുണ്ണാനും കൂട്ട് ബിസിനസ്സ് നടത്താനും മുന്നണികളും പാർട്ടികളും മാറിമാറി ഭാഗ്യപരീക്ഷണങ്ങൾ നടത്താനുമെല്ലാം എളുപ്പമായിരിക്കും. എന്നാൽ, ഒരു നാട്ടിൽ ഒന്നിച്ചുജീവിക്കുന്ന, വഴിയും കിണറും വയലുമെല്ലാം ഒരുമിച്ച് പങ്കുവെക്കുന്ന, സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മണ്ണിൽ സ്വസ്ഥജീവിതം നയിക്കുന്നവരെ വർഗീയ വിഭജനത്തിലൂടെ തമ്മിലടിപ്പിച്ചാൽ ഇരകളാക്കപ്പെടുന്നത് പാവങ്ങളും സാധാരണക്കാരുമായ പച്ച മനുഷ്യരായിരിക്കും. അതിനെ തിരിച്ചുപിടിക്കുക അത്ര എളുപ്പവുമായിരിക്കില്ല. തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വൈകാരികതയും മൽസരബുദ്ധിയും ഇലക്ഷന് ശേഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയപക്വത രാഷ്ട്രീയപാർട്ടികളുടെ ഭാഗത്ത് നിന്നും കേരളം പ്രതീക്ഷിച്ചിരുന്നു. ദൗർഭാഗ്യവശാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഫെയ്ക്ക് ഐഡിയിൽ രൂപപ്പെട്ട 'കാഫിർ' പ്രയോഗത്തെ തീബോംബ് കണക്കെ ആധികാരികമായി മതേതരവാദികൾ പോലും വീണ്ടുമെടുത്ത് പ്രയോഗിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സാധാരണക്കാരുടെ സമാധാന ജീവിതം തകർക്കുന്ന ഈ തീക്കളി അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പിൽ ആരു തോറ്റാലും ജയിച്ചാലും ആഹ്ലാദാവേശത്തിലോ പരാജയക്കലിപ്പിലോ സംഭവിക്കാവുന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണം. ഇന്ത്യ മുന്നണിയിലെ രണ്ട് കക്ഷികൾ പരസ്പരം വർഗീയതയാരോപിക്കുന്നതവസാനിപ്പിക്കണം. 

കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ ശരിവെക്കുന്ന ഇടമായി വടകരയടക്കമുള്ള പ്രദേശങ്ങൾ ഉയർന്നുനിൽക്കണം. എല്ലാറ്റിനുമപ്പുറം കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അവസാന പുഞ്ചിരി സംഘ്പരിവാറിൻ്റെ മുഖത്തായിരിക്കില്ല എന്ന് നാം ഉറപ്പുവരുത്തണം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News