'ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ'; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഹൈക്കോടതി

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി

Update: 2023-03-07 06:16 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഹൈക്കോടതി. കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്ചെയർമാൻ എന്നിവർ ഉച്ചക്ക് കോടതിയിൽ ഹാജരാകണം.

കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. ഭാവിയിൽ ഇത്തരത്തിലുള്ള അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി നിർദേശം നൽകി.

'ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ മാതൃകയാകണമെന്നും ഓരോ ദിവസവും നിർണായകമെന്നും ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഉച്ചക്ക് 1.45 ഹരജി വീണ്ടും പരിഗണിക്കുമ്പോഴാണ് ഉദ്യോഗസ്ഥരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണച്ചെന്ന് ജില്ലാ കലക്ടര്‍ രേണുരാജും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്. തീ വ്യോമസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തിച്ച് പുക ശമിപ്പിക്കാനുളള പ്രവൃത്തി തുടരുകയാണ്.ഈ സഹാചര്യത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ലംഘിച്ചതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും നടപടിയെടുത്തിരുന്നു. 1.8 കോടി രൂപയാണ് കൊച്ചി കോര്‍പറേഷന് ചുമത്തിയിരിക്കുന്ന പിഴ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News