കോഴയാരോപണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ. തോമസ്
എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് കെ. തോമസ് പറഞ്ഞു
ആലപ്പുഴ: എൽഡിഎഫ് എംഎല്‍എമാർക്ക് കോഴവാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് തോമസ് കെ. തോമസ്. തന്‍റെയും ആൻ്റണി രാജുവിന്‍റെയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടും. എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
രണ്ട് എംഎല്‍എമാരെ തനിക്ക് കക്ഷത്തിൽ വച്ച് പുഴുങി തിന്നാനാണോ? തനിക്ക് മന്ത്രി ആകാനുള്ള അയോഗ്യത എന്താണെന്നും തോമസ് ചോദിച്ചു. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും പാർട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെയും ഫോൺ പരിശോധിക്കണം . തൻ്റെയും ആൻ്റണി രാജുവിൻ്റെയും ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.
ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നുമാണ് ആരോപണം. തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചിരുന്നു. തോമസ് കെ. തോമസിന്‍റെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആന്‍റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം.