'കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളെ പ്രതിരോധിച്ചുകൊണ്ട് വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ബജറ്റ്'; ജോസ് കെ മാണി
സംസ്ഥാനം കടന്നുപോകുന്ന പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തിലും റബറിന്റെ താങ്ങുവില 180 രൂപയാക്കി വര്‍ധിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണെന്നും ജോസ്.കെ.മാണി പറഞ്ഞു
കോട്ടയം: കടുത്ത അവഗണനയിലൂടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളെ പ്രതിരോധിച്ച് കൊണ്ട് കേരളത്തിൻ്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.
കാര്‍ഷിക മേഖലയ്ക്ക് 1698 കോടി രൂപ നീക്കിവെച്ച നടപടി സ്വാഗതാര്‍ഹമാണ്. സംസ്ഥാനം കടന്നുപോകുന്ന പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തിലും റബറിന്റെ താങ്ങുവില 180 രൂപയാക്കി വര്‍ധിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി ആശ്വാസകരമാണ്. റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുവാന്‍ ഇറക്കുമതി നയങ്ങളിലും രാജ്യം ഇടപെടുന്ന ആഗോളകരാറുകളിലും മാറ്റം വരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ അതൊന്നും ചെയ്യാതിരിക്കുകയും കേരളത്തിലെ റബര്‍ കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റബറിന്റെ താങ്ങുവില 250 രൂപയാക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കുകയും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പടെ കേരളത്തോട് ക്രൂരമായ അവഗണന കാട്ടിയ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ താങ്ങുവില ചെറിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് ആശ്വാസകരമാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്താന്‍ തുടര്‍ന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
പൊതുവായുള്ള സാമ്പത്തിക മാന്ദ്യംത്തെ അതിജീവിക്കാൻ ജനങ്ങളുടെ കൈയ്യിലേക്ക് പണം എത്തുന്ന വിധത്തിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ പ്രതീക്ഷ നല്‍കുന്നതാണന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.