രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ
ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ആദർശ്, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്
പാലക്കാട് കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സി.എൽ. ഔസേപ്പിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തിരുന്നു.
ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് ആദർശ്, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും, സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.
ലോറിയെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ബസ് തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽ വീണാണ് അപകടമുണ്ടായത്.