വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം –കാലിക്കറ്റ് ചേംബർ

‘കോവൂർ-വെള്ളിമാടുകുന്ന് റോഡിൽ രാത്രി ജോലി ചെയ്തുകൊണ്ടിരുന്ന വ്യാപാരികളെ ലക്ഷ്യമാക്കി നടന്ന അനാവശ്യ അക്രമസംഭവങ്ങൾ ഗൗരവമായി പരിഗണിക്കണം’

Update: 2025-03-29 09:29 GMT

കോഴിക്കോട്: കോവൂർ-വെള്ളിമാടുകുന്നിൽ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കാലിക്കറ്റ് ചേംബർ ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികളും സംസ്ഥാന സർക്കാരും ആസൂത്രണം ചെയ്യുന്ന എല്ലാ മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങളെയും കോഴിക്കോട്ടെ വ്യാപാര സമൂഹം പരിപൂർണമായ പിന്തുണ നൽകുന്നുണ്ട്. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നിരവധി മയക്കുമരുന്ന് വിരുദ്ധ അവബോധ പരിപാടികളും നടപടികളും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 28ന് കോവൂർ-വെള്ളിമാടുകുന്ന് റോഡിൽ രാത്രി ജോലി ചെയ്തുകൊണ്ടിരുന്ന വ്യാപാരികളെ ലക്ഷ്യമാക്കി നടന്ന അനാവശ്യമായ അക്രമസംഭവങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. കോഴിക്കോടിന്റെ സുരക്ഷിതത്വ പ്രതിച്ഛായക്കും പൊതുജന സുരക്ഷക്കും ഇത്തരം സംഭവങ്ങൾ കനത്ത ഭീഷണിയുയർത്തുന്നു.

Advertising
Advertising

ചേംബർ ഈ വിഷയത്തിൽ അടിയന്തിരമായി പൊലീസ് വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെടുകയാണ്:

1. വ്യാപാരികൾ, കടയുടമകൾ, തൊഴിലാളികൾ എന്നിവർക്കെതിരായ അതിക്രമത്തിനെതിരെ ശക്തമായ നിയമനടപടി പൊലീസ് കൈക്കൊള്ളുക.

2. രാത്രികാലത്ത് കടകൾ തുറന്നു പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് മതിയായ പൊലീസ് സംരക്ഷണം ഉറപ്പാക്കുക.

3. പ്രധാന വ്യാപാര മേഖലകളിൽ പൊലീസിന്റെ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കുക.

4. കോഴിക്കോടിന്റെ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നെന്ന പ്രതിച്ഛായ നിലനിർത്താൻ നിയമലംഘനങ്ങൾ തടയുകയും വ്യാപാരസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.

കോഴിക്കോട് പൊലീസിന്റെ നേതൃത്വത്തിൽ അക്രമ സമൂഹത്തിന് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതമായ വ്യാപാരപരിസരം ഉറപ്പാക്കാൻ അടിയന്തിരമായ നടപടി സ്വീകരിക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.

ചേംബർ ഭവനിൽ ചേർന്ന യോഗത്തിൽ സമാന ചിന്താഗതികളുമായി എല്ലാ വ്യാപാര സംഘടനകളുമായി യോജിച്ചുകൊണ്ട് ഈ വിഷയത്തിൽ കർശന തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ കാലിക്കറ്റ് ചേംബർ തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇതിനകം തന്നെ കാലിക്കറ്റ് ചേംബർ പരാതി നൽകുകയും ഇതിന്മേൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

യോഗത്തിൽ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, സെക്രട്ടറി അഡ്വ. സിറാജുദ്ധീൻ ഇല്ലത്തൊടി, സുബൈർ കൊളക്കാടൻ, എൻ.സി അബ്ദുല്ല കോയ, ഹാഷിം കടക്കലകം, പി. വിശോബ്, എ.പി അബ്ദുല്ലക്കുട്ടി, എം . മുസമ്മിൽ, ടി.പി. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News