ഇളക്കി മറിച്ച് കൊട്ടിക്കലാശം; തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനിച്ചു
അവസാനഘട്ടത്തിൽ നേതാക്കളെത്തിയത് കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു
കൊച്ചി: ഒരു മാസത്തെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണത്തിന് തൃക്കാക്കക്കരയിൽ കൊടിയിറങ്ങി. കോട്ട കാക്കാമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തിൽ എൽ.ഡി.എഫും വിജയപ്രതീക്ഷ ഒട്ടും കൈവിടാതെ ബി.ജെ.പിയും പ്രചാരണരംഗത്ത് സജീവമായിരുന്നു.
അവസാനഘട്ടത്തിൽ നേതാക്കളെത്തിയത് കൊട്ടിക്കലാശത്തിന്റെ ആവേശം വർധിപ്പിച്ചു. ഉമാ തോമസിന് വേണ്ടിയുള്ള പ്രചാരണത്തിനായി നടൻ പിശാരടിയും എത്തിച്ചേർന്നിരുന്നു. പാലാരിവട്ടത്ത് എത്തിച്ചേർന്ന റോഡ്‌ഷോ കൃത്യം ആറു മണിക്ക് തന്നെ അവസാനിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിന്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. ബൈക്ക് റാലിയുമായായിരുന്നു യു.ഡി.എഫിന്റെ റോഡ് ഷോ. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളായ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെയാണ് റാലി കടന്നു പോയത്.
ബി.ജെ.പി സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും രാവിലെ മുതൽ റോഡ് ഷോ തുടങ്ങിയിരുന്നു. കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നു സമാപിച്ചത്. എ.എൻ രാധാകൃഷ്ണനായി പി.സി ജോർജ് ഇന്ന് തൃക്കാക്കരയിൽ പ്രചാരണത്തിനെത്തിയിരുന്നു. തെരഞ്ഞെടുപ്പിൻറെ ആവേശം മൂന്ന് മുന്നണികളുടെയും അണികൾ കൊട്ടിത്തീർത്തു. നാളെ നിശബ്ദപ്രചാരണം കൂടി കഴിഞ്ഞാൽ പിന്നെ വോട്ടെടുപ്പാണ്.