'സർക്കാറിന്റെ ചെയ്തികൾ കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല': വിമർശനവുമായി കേരള കോൺഗ്രസ് (എം)

സർക്കാരിനെതിരെ കേരള കോൺഗ്രസ് നേതൃത്വത്തിനുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലുണ്ടായ വിമർശനങ്ങൾ

Update: 2023-10-12 01:37 GMT
Editor : rishad | By : Web Desk
Advertising

കോട്ടയം: കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. സർക്കാരിന്റെ ചെയ്തികൾ കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് വിമർശനമുയർന്നു. ലോക്സഭയിൽ കോട്ടയത്തിന് പുറമെ രണ്ട് സീറ്റുകൾ വേണമെന്ന കാര്യത്തിൽ സമ്മർദ്ദം ശക്തമാക്കുവാനും ധാരണയായി. യു.ഡി.എഫില്‍ നിന്നും പി.ജെ ജോസഫ് മത്സരിക്കുകയാണെങ്കിൽ ജോസ് കെ മാണി മത്സരിക്കണമെന്നാണ് പാർട്ടിയിലെ പൊതു വികാരം.

സർക്കാരിനെതിരെ കേരള കോൺഗ്രസ് നേതൃത്വത്തിനുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഉണ്ടായ വിമർശനങ്ങൾ. വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളിൽ ജനവികാരം എതിരാണ് .നെല്ല് സംഭരണം, റബർ മേഖലയിലെ പ്രതിസന്ധി എന്നിവ കർഷകരുടെ നടുവൊടിച്ചു. സർക്കാർ പദ്ധതികളുമായി ജനങ്ങളെ സമീപിക്കുമ്പോൾ കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നതായും വിമർശനം ഉയർന്നു.

വയനാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള നേതാക്കളാണ് വിമർശനമുന്നയിച്ചത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയ യെ ഇല്ലാതാക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വത്തിൻ്റെ മൗനാനുവാദമുണ്ടെന്നും അഭിപ്രായമുയർന്നു.

അതേസമയം കോട്ടയത്ത് ചെയർമാൻ ജോസ് കെ മാണി മത്സരിക്കണമെന്ന നിർദ്ദേശം ഒരു വിഭാഗം മുന്നോട്ട് വെച്ചു. ജോസ് കെ മാണി മത്സരിക്കുന്നതിനോട് സിപിഎമ്മിനും അനുകൂല നിലപാടാണ്. ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞാൽ പാർലമെന്ററി ചുമതലകൾ ഇല്ലാതാകുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ചകൾ.

എന്നാല്‍ സീറ്റ് ചർച്ചകൾ പിന്നീട് നടത്താമെന്ന് നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാകാനും നേതൃത്വം നിർദേശിച്ചു. അധിക സീറ്റ് ലഭിക്കുകയാണെങ്കിൽ ഭാര്യ നിഷ മത്സരിക്കുമെന്ന പ്രചാരണം ജോസ് കെ. മാണി പരസ്യമായി നിഷേധിച്ചിരുന്നു. 


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News