മാതൃഭൂമി ന്യൂസിനെതിരായ കേസ്: പൊലീസിന് ഹൈക്കോടതിയുടെ വിമർശനം
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രമെടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്
കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രമെടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തലാകുമെന്ന് കോടതി ചോദിച്ചു.
തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലിയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ചിത്രമെടുത്തതിന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്തി ചേവായൂർ പൊലീസാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്. പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി പോലീസിനോട് ചോദിച്ചു. കേസിനെതിരെ മാതൃഭൂമി നൽകിയ പരാതികൾ ഡി.ജി.പി പരിഗണിക്കണം. ഇതിൽ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടൻ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.
അന്വേഷണവുമായി പൊലീസിന് മുന്നോട്ടു പോകാം. പൊലീസുമായി മാതൃഭൂമി ന്യൂസ് പ്രതിനിധികൾ സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു