മോന്‍സണിനെതിരെ വീണ്ടും കേസ്; കൊച്ചിയിലെത്തിച്ച് തെളിവെടുത്തു

ടെലിവിഷൻ ചാനലിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

Update: 2021-09-30 09:27 GMT
Editor : Suhail | By : Web Desk
Advertising

തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ കൊച്ചി കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുത്തത്. മുട്ടത്തറ സ്വദേശിയായ ശിൽപി സുരേഷ് കലൂരിലെ വീട്ടിൽ എത്തി നിർമിച്ചു നൽകിയ സാധനങ്ങൾ തിരിച്ചറിഞ്ഞു.

അതിനിടെ ടെലിവിഷൻ ചാനലിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മോൻസണിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മോൻസണിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ, കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകുമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.

പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും. നേരത്തേ മോന്‍സണെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യാജരേഖകള്‍ ചമക്കാന്‍‌ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം.

ഭൂമി പാട്ടത്തിന് നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിന്‍റെ മൊഴിയാണ് ഇന്നലെ പ്രധാനമായും രേഖപ്പെടുത്തിയത്. പരാതിക്കാരുടെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുന്ന നടപടികളാണ് മുന്നോട്ട് പോകുന്നത്. മോന്‍സണ്‍ നേരിട്ടും സഹായികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയും നടത്തിയ ഇടപാടുകളുടെ രേഖകളും പരിശോധിച്ച് വരികയാണ്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News