'അഴിഞ്ഞാട്ടക്കാരികള്‍' പരാമര്‍ശം: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു
സാമൂഹിക പ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിലാണു നടപടി
കോഴിക്കോട്: സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. 'നിസ' അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണു നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്.
തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമര്‍ ഫൈസി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പരാമർശത്തിനെതിരെയാണ് സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചതും വലിയ വാർത്തയായിരുന്നു.
Summary: Kozhikode Nadakkavu police register case against the Samastha leader Mukkam Umar Faizy