തൃശൂർ പൂരം: ആംബുലൻസിൽ എത്തിയ സുരേഷ് ഗോപിക്കെതിരെ കേസ്
സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്
തൃശൂർ: തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള സേവാഭാരതിയുടെ ആംബുലൻസിലാണ് പൊലീസ് നിയന്ത്രണം ലംഘിച്ചുകൊണ്ട് വന്നതെന്നും എഫ്ഐആറിലുണ്ട്.
തൃശൂർ പൂരം കലങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. ദിവസങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി വിജയിക്കുകയും സുരേഷ് കേന്ദ്ര മന്ത്രിയാവുകയും ചെയ്തു.