കുഞ്ഞിനെ ദത്തു നല്‍കിയ സംഭവം; ഷിജുഖാൻ നിയമപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്ന് ആനാവൂര്‍ നാഗപ്പന്‍
എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ഷിജു ഖാന് കഴിയില്ല
അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാൻ നിയമപ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ഷിജു ഖാന് കഴിയില്ല. ഈ പരിമിതി മുൻനിർത്തിയാണ് ഷിജു ഖാനെ വേട്ടയാടുന്നത്. കുഞ്ഞിന്‍റെ വിവരങ്ങൾ പത്രത്തിലടക്കം നൽകിയിരുന്നു. നടപടി ക്രമങ്ങൾ എല്ലാം പാലിച്ചാണ് കാര്യങ്ങൾ ചെയ്തത്. ദത്ത് നടപടികൾ ഏഴ് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അതുവരെ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ എതിർപ്പ് ആരും അറിയിച്ചിരുന്നില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
കുഞ്ഞിന്‍റെ പിതാവിനെ ആരും പൂട്ടിയിട്ടിരുന്നില്ല. അദ്ദേഹവും മുന്നോട്ട് വന്നില്ല. സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അനുപമയോ ഭർത്താവോ പരാതിയുമായി ജില്ല കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും ആനാവൂര്‍ പറഞ്ഞു. പരാതി നിയമപരമായി തീർക്കേണ്ട വിഷയമാണെന്നും പാർട്ടിയിൽ തീർക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. പ്രതി ജയചന്ദ്രന്‍ അടക്കമുള്ള 6 പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആരും വീടുകളില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. അതിനിടെ കേസില്‍ നോട്ടറി അഭിഭാഷകന് പിന്നാലെ അനുപമയുടെ വാദം തള്ളി ടാക്സി ഡ്രൈവറും പൊലീസിന് മൊഴി നല്‍കി.