നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഉടൻ തീരുമാനമെടുത്തേക്കും
നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്നാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഉടൻ തീരുമാനമെടുത്തേക്കും. കേസിൽ കാവ്യയുടെ പങ്ക് വ്യക്തമാക്കിയുള്ള പുതിയ നോട്ടീസ് നൽകാനാണ് ആലോചന. കേസിന്റെ തുടരന്വേഷണത്തിന് കോടതി നിർദേശിച്ച സമയം നാളെയാണ് അവസാനിക്കുന്നത്.
മൂന്ന് മാസം കൂടി സമയം നീട്ടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിചാരണകോടതിയെ അറിയിക്കും.നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്നാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. സിആർപിസി 41 എ പ്രകാരം നോട്ടീസ് നൽകിയാൽ അന്വേഷണസംഘം ആവശ്യപ്പെടുന്നിടത്ത് കാവ്യ ഹാജരാകേണ്ടിവരും. മൊഴി തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന വകുപ്പാണ് സിആർപിസി 41 A. കേസിൽ കാവ്യയെ പ്രതിചേർക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഇതിന് മുൻപ് കാവ്യയുമായി ബന്ധപ്പെടുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
സങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടം കാവ്യയുടെ മൊഴി എടുക്കുന്നതിനായി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചുവേണം ചോദ്യംചെയ്യൽ. ഇവ മുഴുവൻ ക്യാമറയിൽ പകർത്തുകയും വേണം. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യേണ്ട പുതിയ തീയതി ഉടൻ തീരുമാനിക്കും. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും സാവകാശം തേടുകയായിരുന്നു.