കോവിഡ് പ്രതിരോധം: കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസയും പിന്തുണയും ലഭിച്ച ആശ്വാസത്തിൽ ആരോഗ്യ വകുപ്പ്
രണ്ട് ഘട്ടമായി കേരളത്തിലെത്തിയ കേന്ദ്ര സംഘം റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ മാനം കൽപ്പിച്ചിരുന്നു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസയും പിന്തുണയും ലഭിച്ച ആശ്വാസത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തിനെതിരായി നിരന്തരം കേന്ദ്ര റിപ്പോർട്ടുകൾ ഉണ്ടാകുന്നതിനിടെയാണ് മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനത്തെ പ്രശംസിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത്.
മൂന്നാഴ്ചയിലധികമായി രാജ്യത്തെ കോവിഡ് രോഗികളിൽ പകുതിയിലധികം കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ടിപിആർ പിടിച്ചു നിർത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഘട്ടമായി കേരളത്തിലെത്തിയ കേന്ദ്ര സംഘം റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ മാനവും കൽപ്പിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത പിന്തുണയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയിൽ നിന്ന് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. അടിയന്തര കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്നാണ് പ്രഖ്യാപനം. ഓണക്കാലത്ത് കോവിഡ് വ്യാപന തോത് കൈവിട്ട് പോകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കിയതിലും കോവിഡ് മരണ നിരക്ക് കുറച്ചതിലും സംസ്ഥാനത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം മെഡിക്കൽ കൊളജിലെ സജ്ജീകരണങ്ങളിലും മന്ത്രി തൃപ്തി രേഖപ്പെടുത്തി. അതേസമയം വാക്സിൻ ഡ്രൈവ് ഊർജിതമാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നൽകിയിട്ടുണ്ട്. 1,77,88,931 പേർക്കാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തത്. ഈ മാസം 31 വരെയാണ് വാക്സിനേഷൻ യജ്ഞം.