വി.സിയായി തുടരാന്‍ ചാന്‍സലറെ അനുസരിക്കണം: ഹര്‍ജി തീരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി
നവംബര്‍ 17ന് ഹൈക്കോടതി ഹരജി വീണ്ടും പരിഗണിക്കും
കൊച്ചി: പത്ത് സര്‍വകലാശാലകളിലെ വി.സിമാര്‍ക്കെതിരെ നടപടിയെടുക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഹരജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ നടപടിയെടുക്കരുതെന്നാണ് നിര്‍ദേശം. വി.സി ആയി തുടരണമെങ്കിൽ ചാൻസലറുടെ നിർദ്ദേശം അനുസരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ഹരജി പരിഗണിക്കുന്നത് നവംബര്‍ പതിനേഴിലേക്ക് മാറ്റി. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിര്‍ദേശിക്കാത്ത കേരള സര്‍വകലാശാലയെ കോടതി ഇന്നും വിമര്‍ശിച്ചു. രാജി നല്‍കാത്തതില്‍ പത്ത് വി.സിമാരും ചാന്‍സലര്‍ക്ക് മറുപടി നല്‍കിയെങ്കിലും കാരണം കാണിക്കല്‍ നോട്ടീസിനെ വി.സിമാര്‍ ഇന്നും കോടതിയില്‍ ചോദ്യം ചെയ്തു. ചാന്‍സലറുടെ അധികാരം സംബന്ധിച്ച വിശദമായ വാദത്തിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് പരിഗണിക്കാമെന്നാണ് കോടതിയുടെ മറുപടി. വി.സി ആയി തുടരണമെങ്കിൽ ചാൻസലറുടെ നിർദ്ദേശം അനുസരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം രാജ്ഭവനില്‍ ഇന്നലെ മാത്രമാണ് എത്തിയതെന്ന് അറിയിച്ച ഗവര്‍ണര്‍ വി.സിമാരുടെ മറുപടി പരിശോധിച്ചില്ലെന്ന് കോടതിയെ അറിയിച്ചു. വിശദീകരണം പരിശോധിച്ച് കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്നും നേരിട്ട് ഹിയറിങ്ങിന് ഹാജരാകുന്നവരെ കേള്‍ക്കാമെന്നും ഗവര്‍ണര്‍ക്കായി സീനിയര്‍ അഭിഭാഷകന്‍ വാദിച്ചു. മറുപടി നല്‍കാന്‍ ചാന്‍സലര്‍ കൂടുതല്‍ സമയം തേടിയതിനാല്‍ ഹരജി നവംബര്‍ പതിനേഴിലേക്ക് മാറ്റി. അതുവരെ കാരണം കാണിക്കല്‍ നോട്ടീസില്‍ വിസിമാര്‍ക്കെതിരെ നടപടി എടുക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അതിനിടെ കേരള സര്‍വകലാശാല വി.സിയെ തീരുമാനിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ നോമിനിയെ നിര്‍ദേശിക്കില്ലെന്ന് സെനറ്റ് അംഗങ്ങള്‍ ഇന്നും വ്യക്തമാക്കി. ഹരജിയില്‍ നവംബര്‍ പതിനാറിന് വാദം കേള്‍ക്കും. അതിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാണ് കോടതി നിര്‍ദേശം. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെ നിയമിച്ച ഉത്തരവ് ഹൈക്കോടതി തല്‍ക്കാലം സ്റ്റേ ചെയ്തില്ല. നിയമനത്തിനെതിരായ ഹരജിയിൽ ചാൻസലർക്ക് കോടതി നോട്ടീസ് അയച്ചു. ഹരജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. കെ.ടി.യു വി.സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനാണ് ഗവർണറുടെ നീക്കം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ സ്റ്റേ തുടരും. ഹരജിയില്‍ ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.