''നിഖിൽ പൈലി പുതുപ്പള്ളിയിൽ വന്നത് ഞാൻ കണ്ടിട്ടില്ല, ചിത്രങ്ങള്‍ പഴയത്...''- ചാണ്ടി ഉമ്മന്‍
''എല്ലാത്തിനും ഉത്തരവാദിത്തം എനിക്ക് പറയാന്‍ പറ്റുമോ... പ്രചരിക്കുന്ന ചിത്രങ്ങള്‍ പഴയതാണ്''
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി പുതുപ്പള്ളിയിൽ യു.ഡി.എഫിനായി പ്രചാരണത്തിനെത്തിയത് ആയുധമാക്കി എൽ.ഡി. എഫ്. നിഖിൽ പൈലി പ്രചാരണത്തിനെതിയത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്ന് ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസ് പറഞ്ഞു.
എന്നാല്‍ നിഖിൽ പൈലി പ്രചാരണത്തിന് വന്നത് തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. തന്‍റെ അറിവോടെയല്ല നിഖിൽ പൈലി പുതുപ്പള്ളിയിൽ വന്നതെന്നും തനിക്കൊപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രങ്ങൾ പഴയതാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
''ഞാന്‍ കണ്ടിട്ടില്ല... പുതുപ്പള്ളിയില്‍ നിഖില്‍ പൈലി പ്രചാരണത്തിന് വന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല... എല്ലാത്തിനും ഉത്തരവാദിത്തം എനിക്ക് പറയാന്‍ പറ്റുമോ... പണ്ടെപ്പോഴോ എടുത്ത ചിത്രങ്ങളാകും പ്രചരിക്കുന്നത്'' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും. ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ. സ്ഥാനാർഥി ജെയ്ക് സി തോമസ് ഇന്ന് പാമ്പാടി പഞ്ചായത്തിൽ വീടുകയറി വോട്ടു തേടും.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പാമ്പാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എൽ.എമാർ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും. കുടുംബയോഗങ്ങളിലും സ്ഥാനാർഥികളെത്തും. എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.
എന്‍.ഡി.എയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അനിൽ ആന്‍റണിയും രാജീവ് ചന്ദ്രശേഖറും എത്തുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ അയർക്കുന്നത്ത് വിദ്യാർഥികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായുമുള്ള പരിപാടികളിൽ പങ്കെടുക്കും