കേരളത്തിന്റെ ഡൽഹി സമരം തട്ടിപ്പെന്ന് ചെന്നിത്തല; ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് സതീശൻ
ഡൽഹിയിൽ സർക്കാർ നടത്തുന്നത് സമരമല്ലെന്നും ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും എം.എം ഹസൻ
തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. നികുതിപിരിവിൽ പരാജയമായതും സംസ്ഥാനത്തിന്റെ ധൂർത്തും പ്രതിസന്ധിക്ക് കാരണമായി.
സർക്കാരിന് തങ്ങൾ ക്രിയാത്മകമായ നിർദേശങ്ങൾ കൊടുത്തിരുന്നുവെന്നും അവയൊന്നും ചെവിക്കൊണ്ടില്ലെന്നും സതീശൻ ആരോപിച്ചു. കർണാടക സർക്കാർ നടത്തിയത് വേറെ സമരമാണെന്നും അതിനെ പിന്തുണക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡൽഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴര വർഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ട് വിറക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതിയാണ്.കണ്ടിട്ട് സമരമാണോ എന്ന് പോലും സംശയമാണ്. ചെന്നിത്തല പറഞ്ഞു.
'കർണാടകത്തിന്റെ സമരം വ്യത്യസ്ത സമരം. രണ്ട് സമരവും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ യു.ഡി.എഫ് ആണ് മുൻപന്തിയിൽ'... രമേശ് ചെന്നിത്തല പറഞ്ഞു.'മുഖ്യമന്ത്രിയാണ് എം പിമാരെ അവഗണിക്കുന്നത്.എംപിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചില്ല. ധനകാര്യ മന്ത്രി ആദ്യം അഴിമതിയും ധൂർത്തും അവസാനിപ്പിക്കട്ടെ'.. അദ്ദേഹം പറഞ്ഞു.
അതേസമയം, ഡൽഹിയിൽ സർക്കാർ നടത്തുന്നത് സമരമല്ലെന്നും ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നും യു.ഡി.എഫ് കൺവീനർ എം എം ഹസൻ പ്രതികരിച്ചു. നവകേരള സദസ്സിന് പ്രതിപക്ഷത്തിനെ ക്ഷണിച്ചത് പോലെയാണ് ഡൽഹിയിലേക്കും ക്ഷണിച്ചത്.കർണാടക സമരം ന്യായമാണെന്നും എം എം ഹസൻ പറഞ്ഞു.