വീട്ടമ്മക്ക് നെഞ്ചുവേദന; രക്ഷകനായത് പാസ്പോര്‍ട്ട് വെരിഫിക്കേഷനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ

കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത്കൊണ്ടാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ

Update: 2023-07-25 16:19 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: പാസ്പോർട്ട് വെരിഫിക്കേഷന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വയോധികയ്ക്ക് രക്ഷകനായി. കോട്ടയം വാകത്താനം സ്വദേശിനി ലിസിയമ്മ ജോസഫിനെയാണ്  പൊലീസ് ഉദ്യോഗസ്ഥൻ കൃത്യസമയത്തു ആശുപത്രിയിൽ എത്തിച്ച ജീവൻ രക്ഷിച്ചത്. വാകത്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് കുമാറാണ് ലിസിയമ്മക്ക് രക്ഷകനായി മാറിയത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വാകത്താനം നെടുമറ്റം സ്വദേശിനിയും മുൻ പഞ്ചായത്ത് അംഗവുമാണ് ലിസിയമ്മ. ഇവരുടെ കൊച്ചുമകന്റെ പാസ്പോർട്ട്  വെരിഫിക്കേഷനായി എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ്. ഈ സമയം ലിസിയമ്മയും കിടപ്പ് രോഗിയായ ഇവരുടെ ഭർത്താവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംസാരിക്കുന്നതിനിടയിൽ ലിസിയമ്മയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. നെഞ്ചു വേദന എടുക്കുന്നുണ്ടെന്നും ഗ്യാസിന്റെ ബുദ്ധിമുട്ടാകുമെന്നും ലിസിയമ്മ പറഞ്ഞു. എന്നാൽ ലക്ഷണങ്ങൾ കണ്ടപ്പോൾ, ഹൃദയാഘാതം ആവാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എത്രയും വേഗം ആശുപത്രിയിൽ പോകാമെന്ന് ലിസ്സമ്മയോട് പറയുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ബൈക്ക് ഇതേ വീട്ടിൽ വെച്ച ശേഷം ഇവരുടെ തന്നെ കാർ എടുത്ത് ലിസ്സമ്മയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ലിസമ്മ ഇപ്പോഴും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത്കൊണ്ടാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ലിസിയമ്മയുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയ ശേഷം രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാർ തിരികെ പോന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News