'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'; കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജയരാജന്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
'ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണ്'
കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ സി.പി.എമ്മിനും എൽ.ഡി.എഫിനെയും ഉന്നം വെച്ചുള്ളതാണ്. ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജാഗ്രത കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
അതിനെ സാധാരണ നിലക്കാണ് നമ്മള്‍ കാണേണ്ടത്. ഇ.പി ജയരാജന്‍റെ പ്രകൃതം എല്ലാവര്‍ക്കും അറിയാമല്ലോ. എല്ലാവരുമായി നല്ല സുഹൃത്ബന്ധം വയ്ക്കുന്ന ഒരാളാണ് ജയരാജന്‍. പക്ഷെ സാധാരണ നമ്മുടെ നാട്ടിലൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ' പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും'. ഈ കൂട്ടുകെട്ടില്‍ എപ്പോഴും ശ്രദ്ധിക്കണം. നമ്മുടെ നാട്ടില്‍ ഉറക്കപ്പായീന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കേണ്ടതെന്ന് ആലോചിച്ചുകൊണ്ട് ഉറക്കം തെളിയുന്ന ആളുകളുണ്ട്. അത്തരം ആളുകളുടെ കൂട്ടുകെട്ട് അല്ലെങ്കില്‍ ലോഗ്യം അല്ലെങ്കില്‍ അതിരുകവിഞ്ഞ സ്നേഹബന്ധം ഇതൊക്കെ സാധാരണ ഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്.
ഇതില്‍ സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെയുള്ള അനുഭവമാണ്. അതിന്‍റെ ഭാഗമായി ഈ കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഇതിന്‍റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതായിട്ടുണ്ട്. ആ മനുഷ്യനാണെങ്കില്‍ എങ്ങനെയായാലും പണം എനിക്ക് കിട്ടണമെന്ന ചിന്ത മാത്രമുള്ളയാളാണ്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങള്‍ നിരത്താന്‍ ഒരു മടിയുമില്ലാത്ത ആളാണ്. അത്തരം ആളുകളുമായിട്ട് ബന്ധമോ ലോഗ്യമോ പരിചയമോ ആ പരിചയത്തിനപ്പുറമുള്ള ഒരു നില സ്വീകരിക്കാന്‍ പാടില്ലാത്തതാണ്.
'തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്. ഇ.പി ജയരാജൻ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ജീവിതം ഏതൊരാൾക്കും ആവേശമുണർത്തുന്നത്. കെ.സുരേന്ദ്രനും കെ.സുധാകരനും ഒരേ രീതിയിലാണ് എല്ലാ കാലത്തും പ്രചാരണം നടത്തുന്നത്'..മുഖ്യമന്ത്രി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് എൽ.ഡി.എഫിന് കേരളത്തിൽ ചരിത്രവിജയം സമ്മാനിക്കുന്നതായിരിക്കുന്നതായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താകെ ബി.ജെ.പിക്കെതിരെയുള്ള ജനമുന്നേറ്റമാണ് ദൃശ്യമാകുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അവസരമെന്ന് രാജ്യത്തെ ജനങ്ങൾ തിരിച്ചറിയണം. ബി.ജെ.പിക്കെതിരെയുള്ള വലിയൊരു മുന്നേറ്റം എല്ലായിടത്തും ഉയർന്നുവരുന്നു. കേരളത്തിൽ ബി.ജെ.പിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റുപോലും നേടാൻ കഴിയില്ലെന്ന് മാത്രമല്ല, ഒരു മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്ത് എത്തില്ല'.. മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തിനെതിരെ നിലപാട് സ്വീകരിച്ച രണ്ടുകൂട്ടരിലൊന്ന് ബി.ജെ.പിയാണ്. കേരളത്തിൽ നിന്ന് വിജയിച്ചുപോയ യു.ഡി.എഫിന്റെ ഭാഗമായ 18 അംഗങ്ങളും കോൺഗ്രസും യു.ഡി.എഫും കേരളാ വിരുദ്ധസമീപമാണ് സ്വീകരിച്ചുവന്നത്. ഇത് ജനങ്ങൾ വലിയ മനോവേദനയിലാണ് സ്വീകരിച്ചത്. കേരള വിരുദ്ധശക്തികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരം എന്നാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. മികച്ച വിജയം എൽ.ഡി.എഫ് സ്ഥാനാർഥികൾക്കുണ്ടാകും'..മുഖ്യമന്ത്രി പറഞ്ഞു.