'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് , ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്'; പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

''യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി''

Update: 2023-01-05 11:41 GMT
Advertising

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്പളം ഇരട്ടിയാക്കിയതില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായെന്നും ഈ ക്ഷാമ കാലത്തും  ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും രാഹുല്‍ കുറിച്ചു.

രാഹുലിന്‍റെ ഫെയിസ് ബുക്ക‍‌് കുറിപ്പ്

യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മീഷൻ ചെയർ പേഴ്സൺ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ . അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് , ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്.

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശിക നല്‍കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചിച്ചു.

സിപിഎം സംസ്ഥാന സമിതിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ചിന്ത ജെറോമിന് ഇതുവഴി ഒരു വർഷം ആറു ലക്ഷത്തോളം രൂപയാണ് ലഭിക്കുക. ആറ് വർഷത്തേക്ക് 36 ലക്ഷം രൂപയാണ് കുടിശികയിനത്തിൽ ഒറ്റയടിക്ക് ചിന്ത ജെറോമിന് കിട്ടുന്നത്.

2016 മുതല്‍ക്കുള്ള ശമ്പളമാണ് കുടിശിക സഹിതം നല്‍കുക. അര ലക്ഷം രൂപയുണ്ടായിരുന്ന ശമ്പളം ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ ചിന്ത ആവശ്യപ്പെടുകയും ഉടൻ തന്നെ ധനവകുപ്പ് അനുവദിക്കുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ ചെലവുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം നിലനിൽക്കെയാണ് ഇത് കാറ്റിൽപറത്തിയുള്ള തീരുമാനം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News