മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം; ഡിറ്റനേറ്ററും പശയും കണ്ടെത്തി
മണച്ചാല വനത്തിലെ വൈഡൂര്യ ഖനനം; ഡിറ്റനേറ്ററും പശയും കണ്ടെത്തി
തിരുവനന്തപുരം പാലോട് മണച്ചാല വനത്തില്‍ വൈഡൂര്യ ഖനനത്തിനുപയോഗിച്ച സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഡിറ്റനേറ്ററും സാമഗ്രികളുമാണ് വനം വകുപ്പിന് ലഭിച്ചത്. വനത്തിനുള്ളിൽ രണ്ടിടത്ത് ഖനനം നടന്നതായി വനം വകുപ്പ് കണ്ടെത്തി.
62 ഡിറ്റനേറ്ററും 43 പാക്കറ്റ് പശയും വനം വകുപ്പിന്‍റെ തിരച്ചിലില്‍ മണച്ചാല വനത്തില്‍ നിന്ന് കണ്ടെടുത്തു. നേരത്തെ ഖനനം നടന്ന സ്ഥലത്ത് നിന്ന് മാറി മറ്റൊരിടത്തു നിന്നാണ് ഇവ ലഭിച്ചത്. ടാര്‍പ്പോളിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു സാമഗ്രികള്‍. പാറപൊട്ടിക്കാനുപയോഗിച്ച വസ്തുക്കളെന്നാണ് വനം വകുപ്പ് അറിയിച്ചത്.
ഇതോടെ രണ്ടു സ്ഥലത്ത് ഖനനം നടന്നതായി തെളിഞ്ഞു. സ്ഫോടക വസ്തുക്കള്‍ പാലോട് പൊലീസിന് കൈമാറി. പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈമൂറിലെ ഗേറ്റ് വാച്ചറെ പാലോട് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു. ഖനനം നടത്തിയവരെ പറ്റി സൂചന ലഭിച്ചെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. മുന്‍പ് ഖനനം നടത്തി പിടിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇതില്‍ ചിലരെ ചോദ്യം ചെയ്തതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.