പൊലീസിന് നേരെ ചെരുപ്പെറിഞ്ഞ് യൂത്ത് കോൺഗ്രസ്; ജലപീരങ്കി, ഉന്തും തള്ളും
തടയാനെത്തിയ പൊലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയും ചെയ്തു.
ആലപ്പുഴ: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ അടക്കമുള്ളവർക്ക് കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിൽ ക്രൂരമായി മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തിയത്. എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സൗത്ത് പോലീസ് സ്റ്റേഷന് സമീപം വെച്ചുതന്നെ പോലീസ് തടഞ്ഞു.
മുദ്രാവാക്യം വിളിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് തടയാനെത്തി. എന്നാൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ ശാന്തരാക്കി പിരിച്ചുവിടുകയായിരുന്നു.
സമാധാനപരമായി നടന്ന മാർച്ചിന് നേരെ പോലീസ് അകാരണമായി ജലപീരങ്കി പ്രയോഗിക്കുകയായിരുന്നുവെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.