'നാർക്കോട്ടിക് ജിഹാദ് പരാമർശം നിർഭാഗ്യകരം'; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ഭിന്നിപ്പിനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. 'ലൗ ജിഹാദ്' ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ്- മുഖ്യമന്ത്രി പിണറായി വിജയന്‍
വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'നാർക്കോട്ടിക് ജിഹാദ്' പരാമർശം നിർഭാഗ്യകരമാണ്. അദ്ദേഹത്തെപ്പോലെ ഉന്നതസ്ഥാനത്തുള്ളവർ നടത്താൻ പാടില്ലാത്ത പ്രസ്താവനയായിരുന്നു അതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പെരുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയില്‍ പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ചത്.
ബിഷപ്പിന്റെ പ്രസ്താവന സമൂഹം ഏറ്റെടുത്തിട്ടില്ല. എല്ലാവരും അതിന്റെ കൂടെനിന്നിട്ടില്ല. കൂടെനിന്ന ചിലരുണ്ടാകും. എന്നാൽ, ചിലർ അതേക്കുറിച്ച് വീറോടെ വാദിക്കുന്ന് കേട്ടു. ഇത് കേരളമാണ്. മതനിരപേക്ഷതയുടെ വിളനിലമാണിത്. ഇതിനെ അങ്ങ് മാറ്റിക്കളയാം, തകർത്തുകളയാമെന്നെ് തെറ്റിദ്ധരിക്കരുത്-പിണറായി മുന്നറിയിപ്പ് നല്‍കി.
ഭിന്നിപ്പിനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കർശന നടപടിയുണ്ടാവും. മതനിരപേക്ഷമായ നാടാണ് നമ്മുടേത്. നാർക്കോട്ടിക് വ്യാപനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ, നാർക്കോട്ടിക് ജിഹാദ് എന്ന പ്രസ്താവന നിർഭാഗ്യകരമെന്ന് നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന 'ലൗജിഹാദി'നെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ ലോക്സഭയില്‍ നിലപാട് വ്യക്തമാക്കിയതാണ്. അങ്ങനെയൊന്നില്ലെന്നാണ് കേന്ദ്രം നല്‍കിയ മറുപടി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഇന്നു വൈകീട്ടും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് സമൂഹത്തിനെതിരായ തിന്മകളില്‍ ഏര്‍പ്പെടുന്നത്. അതിന് ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേര്‍ത്തുപറയുന്നത് പൊതുവായ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും സാമൂഹ്യതിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കുന്ന പ്രവണത എതിര്‍ക്കപ്പെടണമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന 'സ്വാതന്ത്ര്യം തന്നെ അമൃതം' വിദ്യാര്‍ത്ഥി സമരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നീക്കാനാകില്ല. സ്നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയൂ. സമൂഹിക ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹിക ഐക്യത്തെ ബാധിക്കും. പ്രതിലോമകരമായ ആശയങ്ങളുടെ സംഘങ്ങളെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളായി വരെ വാഴ്ത്തുന്നവരുണ്ട്. അത് നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കും. ജാതിയെയും മതത്തെയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.