ദത്ത് വിവാദം; മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നു, ശബ്ദരേഖ പുറത്ത്
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി പി കെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്
ദത്ത് വിവാദം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തി പി.കെ.ശ്രീമതിയുെട ശബ്ദരേഖ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയിൽ. അവരുടെ വിഷയം അവർ പരിഹരിക്കട്ടേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും ശ്രീമതി.
ദത്ത് വിവാദം മാധ്യമവാർത്തയാകുന്നതിന് മുൻപ്, പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ.ശ്രീമതയുടെ സഹായം തേടുന്നത്. സെപ്തംബർ മാസത്തിൽ നടന്ന ഒരു ഫോൺ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃത ദത്ത് നൽകിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി മാത്രമല്ല, കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളോടെല്ലാം സംസാരിച്ച് പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്‌തെന്നുമാണ് ശ്രീമതി വ്യക്തമാക്കുന്നത്. പക്ഷെ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല.
എന്നാൽ, ദത്ത് വിവാദം മാധ്യമ വാർത്തയായപ്പോൾ ശ്രദ്ധയിൽപെട്ടെന്നും അതോടെ അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് സർക്കാർ പറയുന്നത്.