മുഖ്യമന്ത്രിയുടെ നട്ടെല്ല് സ്വപ്‌നയ്ക്കും മോദിക്കും പണയം വെച്ചു, അങ്ങനെയുള്ളവർ പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിനെ കുറിച്ച് പറയേണ്ട: ഷാഫി പറമ്പിൽ

''കിച്ചൺ കാബിനെറ്റിന്റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല വി.ഡി സതീശൻ''

Update: 2023-03-16 10:00 GMT
Advertising

കൊച്ചി: മുഖ്യമന്ത്രിയുടെ നട്ടെല്ല് സ്വപ്‌നക്കും മോദിക്കും പണയം വെച്ചിരിക്കുകയാണ്. അങ്ങനെയുള്ളവർ പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിനെ കുറിച്ച് പറയേണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കിച്ചൺ കാബിനെറ്റിന്റെ ആനുകൂല്യത്തിൽ പദവിയിൽ എത്തിയ ആളല്ല സതീശൻ. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വന്ന് റിയാസ് വോട്ട് എണ്ണേണ്ട എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വെച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. കൂടാതെ ഇന്നലെ നിയമസഭയിൽ നടന്ന പ്രതിഷേധത്തിനിടെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന പ്രസ്താവനയും മന്ത്രി നടത്തിയിരുന്നു ഇതിനുള്ള മറുപടിയായാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.

അതദതതേസമയം നിയമസഭയിലെ സംഘർഷത്തിൽ ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തപ്പോൾ ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാത്ത കുറ്റങ്ങളാണ്. സർക്കാരിന് സമനില നഷ്ടപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.

സഭയിലെ സംഘർഷം പരിഹരിക്കാനായി സ്പീക്കർ യോഗം വിളിക്കുന്നതിനിടെയാണ് മറുവശത്ത് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന വാച്ച് ആന്റ് വാർഡ് ഷീനയുടെ പരാതിയിലെടുത്ത കേസിൽ റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമാ തോമസ് എന്നീ എം.എൽ.എമാരാണ് പ്രതികൾ.

കോൺഗ്രസ് എം.എൽ.എ ടി.ജെ.സനീഷ്‌കുമാറിന്റെ പരാതിയിലെടുത്ത കേസിൽ സി.പി.എം അംഗങ്ങളായ എച്ച്.സലാം, സച്ചിൻദേവ് എന്നിവരും അഡീഷണൽ ചീഫ് മാർഷൻ മൊയ്തീൻ ഹുസൈനും കണ്ടാലറിയാവുന്ന വാച്ച് ആന്റ് വാർഡ് അംഗങ്ങളുമാണ് പ്രതികൾ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News