'മോന്‍സന്‍ തട്ടിയത് 10 കോടി, കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതിന്‍റെ തെളിവ് കയ്യിലുണ്ട്': പരാതിക്കാരന്‍ ഷമീർ പറയുന്നു
'എംപിയായിരുന്ന സമയത്ത് കെ സുധാകരന്‍റെ സാന്നിധ്യത്തില്‍ പണം നല്‍കിയിരുന്നു'
പുരാവസ്തു വില്‍പ്പനയെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി പരാതിക്കാരന്‍ ഷമീര്‍. താനും അഞ്ച് സുഹൃത്തുക്കളും മോൻസന് 10 കോടി നൽകിയെന്ന് ഷമീർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മോൻസനൊപ്പമായിരുന്നു. കേസ് നടത്തിപ്പിന് വേണ്ടിയെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പുരാവസ്തു വിറ്റ വൻതുക കിട്ടാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു. ജീവനക്കാരുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമിടപാട് നടത്തിയത്. 40 കോടി പലരിൽ നിന്നായി തട്ടിയെടുത്തെന്നാണ് വിവരം. മുഴുവൻ രേഖകളും ശേഖരിച്ച ശേഷമാണ് കേസുമായി മുന്നോട്ട് പോയതെന്നും ഷമീര്‍ പറഞ്ഞു.
"2018 മുതല്‍ രണ്ടര വര്‍ഷത്തിനിടെ ആറ് പേര്‍ ചേര്‍ന്ന് 10 കോടി രൂപയാണ് മോന്‍സണ് നല്‍കിയത്. പണം തിരിച്ചുകിട്ടാതിരുന്നതോടെ ഞങ്ങള്‍ ആറ് പേരും കൂടി പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കി. പൊലീസുകാരില്‍ പലരും ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനാല്‍ നേരത്തെ കൊടുത്ത പരാതികള്‍ അട്ടിമറിക്കപ്പെട്ടുപോയി. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്"- ഷമീര്‍ പറഞ്ഞു.
എംപിയായിരുന്ന സമയത്ത് കെ സുധാകരന്‍റെ സാന്നിധ്യത്തില്‍ പണം നല്‍കിയിരുന്നു. ഉന്നതരുമായുള്ള ബന്ധം വിശ്വാസ്യത നേടിയെടുക്കാന്‍ മോന്‍സണ്‍ ഉപയോഗിച്ചു. ഉന്നതര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷണത്തില്‍ വ്യക്തമാകും. പണം തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ഉള്‍പ്പെടെ കയ്യിലുണ്ട്. പലരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും ഷമീര്‍ പറഞ്ഞു.
അന്വേഷണം അട്ടിമറിക്കാൻ എറണാകുളത്തെ ഡിവൈഎസ്പിയുമായി മോന്‍സണ്‍ ഗൂഢാലോചന നടത്തി. അതിന്‍റെ ശബ്ദരേഖ കയ്യിലുണ്ട്. ഐജി ലക്ഷ്മണ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി നൽകിയാൽ കൊല്ലുമെന്ന് മോൻസൻ ഭീഷണിപ്പെടുത്തി. നിലവിലെ അന്വേഷണത്തിൽ തൃപ്തനാണെന്നും ഷമീർ പറഞ്ഞു.