പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി

ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക തന്നെ ചോർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി

Update: 2024-10-21 01:22 GMT
Advertising

തിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിജിലൻസിനും പി.എസ്.സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക തന്നെ ചോർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

കഴിഞ്ഞ വർഷം ജൂലൈ മൂന്നിനായിരുന്നു സംസ്‌കൃതം വേദാന്തം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പി.എസ്.സി എഴുത്തുപരീക്ഷ നടത്തിയത്. പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആഗസ്റ്റിൽ ചുരുക്കപ്പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു. 26 പേരാണ് വിവിധ കാറ്റഗറികളിലായി പട്ടികയിലുള്ളത്. എന്നാൽ പട്ടികയിൽ സംശയം തോന്നിയ ചില ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണമാണ് ചോദ്യപേപ്പർ ചോർന്നോ എന്ന സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

'ചോദ്യപേപ്പർ തയ്യാറാക്കുന്നതിനുള്ള സംഘത്തിൽ തിരുവനന്തപുരം ആയുർവേദ കോളേജിലെ സംസ്‌കൃതാധ്യാപികയായ ഡോ. ഗായത്രിദേവി ജി ഉൾപ്പെട്ടിരുന്നു. എന്നാൽ ഗായത്രിദേവി തയ്യാറാക്കിയ ചോദ്യപ്പേപ്പറും മറ്റ് രണ്ട് അധ്യാപകർ തയ്യാറാക്കിയ ചോദ്യപ്പേപ്പറുകളും ചോർന്നതായാണ് സംശയം. ഈ ചോദ്യപ്പേപ്പറുകൾ ഗായത്രിദേവിയുടെ സുഹൃത്തും ഉദ്യോഗാർഥിയുമായ ഡോ. ശാന്തിനി വി.എം എന്ന ഉദ്യോഗാർഥിക്ക് നൽകിയോ എന്നാണ് സംശയം. ഇക്കാര്യം ശാന്തിനി തന്നെ പലരോടും പറഞ്ഞിട്ടുമുണ്ട്. കൂടാതെ, പരീക്ഷയുടെ തലദിവസങ്ങളിൽ ശാന്തിനി അധ്യാപികയായ ഗായത്രിദേവിയുടെ വീട്ടിലാണ് താമസിച്ചത്. ഇക്കാര്യവും ശാന്തിനി പലരുമായും പങ്കുവെച്ചിട്ടുണ്ട്. അതിനാൽ ചോദ്യപ്പേപ്പർ ചോർന്നതായി തങ്ങൾ സംശയിക്കുന്നു.'- ഇതാണ് ഉദ്യോഗാർഥികളുടെ പരാതിയിൽപ്പറയുന്ന ആരോപണം.

എഴുത്തുപരീക്ഷയ്ക്ക് ശേഷമുള്ള ചുരുക്കപ്പട്ടികയിൽ ശാന്തിനിയുടെ പേര് ഉൾപ്പെട്ടതും ഉദ്യോഗാർഥികളുടെ സംശയം കൂട്ടുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ വിജിലൻസ് മേധാവി, പി.എസ്.സി വിജിലൻസ്, പി.എസ്.സി ചെയർമാൻ, പി.എസ്.സി സെക്രട്ടറി എന്നിവർക്ക് പരാതി നൽകിക്കഴിഞ്ഞു. എഴുത്തുപരീക്ഷ കഴിഞ്ഞ് പട്ടിക വന്നതിനാൽ ഇനി ഉടൻ തന്നെ അഭിമുഖമുണ്ടാകും. അതിന് മുൻപേ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News