കരിപ്പൂരിലെത്തിയ യാത്രക്കാരിയുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രികരുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും രേഖകളും നഷ്ടമായതായി പരാതി. ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം മമ്പാട് സ്വദേശിനിയായ ഡോ. നസീഹയുടെയും ഉംറ തീർത്ഥാടനത്തിനായി യാത്ര ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശി അബൂബക്കറിൻറെയും ബാഗേജിൽ നിന്നാണ് പണവും സാധനങ്ങളും നഷ്ടമായത്.
ബാഗേജിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണവും പതിനായിരം രൂപയുമാണ് നസീഹക്ക് നഷ്ടമായത്. അബൂബക്കറിൻറെ ബാഗേജിൽ നിന്ന് 5000 സൗദി റിയാൽ,1000 ഖത്തർ റിയാൽ കൂടാതെ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന ഖത്തറിലെ ഐഡി കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും നഷ്ടമായെന്ന് അബൂബക്കറിൻറെ മകൻ കരിപ്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പും സമാനമായ പരാതികളിൽ സിസിടിവി അടക്കം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.