ഇഗ്നോ മൂല്യനിർണയത്തിൽ പരാതി; അകാരണമായി മാർക്ക് കുറയ്ക്കുന്നുവെന്ന് വിദ്യാർഥികൾ
പുനര്‍മൂല്യനിര്‍ണയത്തിലൂടെ കൂടുതല്‍ ഫീസ് ഈടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
കോഴിക്കോട്: ഇന്ധിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി പരീക്ഷാ മാര്‍ക്ക് അകാരണമായി കുറയ്ക്കുന്നതായി പരാതി. നന്നായി പഠിച്ചിട്ടും മാര്‍ക്ക് വന്‍തോതില്‍ കുറയ്ക്കുന്നുവെന്നാണ് ആക്ഷേപം. പുനര്‍മൂല്യനിര്‍ണയത്തിലൂടെ കൂടുതല്‍ ഫീസ് ഈടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
ബിഎ ടൂറിസം സ്റ്റഡീസ് പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് കിട്ടിയത് നൂറില്‍ രണ്ട് മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് 43 ആയി. 41 മാർക്ക് കൂടി. ഇഗ്നോയുടെ ഡിഗ്രി, പിജി പരീക്ഷകളില്‍ മാര്‍ക്ക് കുറയ്ക്കല്‍ വ്യപകമാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. മികച്ച രീതിയിൽ പരീക്ഷയെഴുതിയ, പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികളുടെ മാര്‍ക്ക് വന്‍തോതില്‍ കുറയ്ക്കുന്നുവെന്നാണ് ആക്ഷേപം. ഒരുപേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിന് 750 രൂപയാണ് അപേക്ഷാ ഫീസ്.
എഴുത്തുപരീക്ഷയില്‍ പൂജ്യം മാര്‍ക്കുള്ളവരുമുണ്ട്. നിശ്ചിത ഉത്തരമുള്ള സ്റ്റാറ്റിസ്കിസ് പോലുള്ള വിഷയങ്ങളുടെ മൂല്യനിര്‍ണയത്തില്‍ പോലും ക്രമക്കേട് വ്യക്തമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇഗ്നോ വിസിക്കും മുഖ്യമന്തിക്കും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്‍. മാര്‍ക്ക് കാരണമില്ലാതെ കുറച്ചെന്ന് ഉറപ്പുള്ള എഴുന്നൂറോളം പേര്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി തുടര്‍നടപടി ആലോചിക്കുകയാണ് ഇവര്‍.