ഡ്രൈവിങ് പഠിപ്പിക്കാമെന്ന് പറഞ്ഞ് പതിനഞ്ചുകാരനെ പഞ്ചായത്ത് മെമ്പർ പീഡിപ്പിച്ചെന്ന് പരാതി
പതിനഞ്ചാം വാർഡിലെ സിപിഎം മെമ്പറായ ഉണ്ണികൃഷ്ണനെയാണ് പ്രതി ചേർത്തത്
Update: 2022-12-31 17:59 GMT
കോഴിക്കോട്: മോക്ഡ്രില്ലിന് ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മാവൂർ പഞ്ചായത്ത് വാർഡ് മെമ്പറെ പ്രതി ചേർത്തു. പതിനഞ്ചാം വാർഡിലെ സിപിഎം മെമ്പറായ ഉണ്ണികൃഷ്ണനെയാണ് പ്രതി ചേർത്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനായി സംസ്ഥാനത്തൊകെ നടത്തിയ മോക്ക്ഡ്രില്ലിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം താലൂക്ക് അടിസ്ഥാനത്തിൽ കോഴിക്കോടും പരിപാടി സംഘടിപ്പിച്ചത്. മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ ആംബുലൻസിലും കാറിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഡ്രൈവിങ് പടിപ്പിച്ചു തരാമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ചത്.
ഉണ്ണികൃഷ്ണന്റെ ഫോട്ടോ വിദ്യാർത്ഥി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം കേസായതോടെ ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.