പേടിഎം വാലറ്റിലൂടെ പണം സ്വീകരിച്ചു; വ്യാപാരിയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ ബാങ്ക് പിടിച്ചെടുത്തതായി പരാതി
കരുനാഗപ്പള്ളി വള്ളിക്കാവിൽ ഹോട്ടൽ നടത്തുന്ന അസിൽ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ
കൊല്ലം: കൊല്ലത്ത് പേടിഎം വാലറ്റിലൂടെ പണം സ്വീകരിച്ച വ്യാപാരിയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ ബാങ്ക് പിടിച്ചെടുത്തതായി പരാതി. കരുനാഗപ്പള്ളി വള്ളിക്കാവിൽ ഹോട്ടൽ നടത്തുന്ന അസിൽ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ. ജാർഖണ്ഡിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ആൾ അസിലിന് പണമയച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ മാസം 20നാണ് കോഴിക്കോട് ഫെഡറൽ ബാങ്കിലുള്ള അസിലിന്‍റെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ ബാങ്ക് പിടിച്ചെടുത്തത്. മാർച്ച് 10 ന് അസിലിന്‍റെ പേടിഎം വാലറ്റിലേക്ക് പലരിൽ നിന്നായി 25,000 രൂപ എത്തിയിരുന്നു. ഹോട്ടലിലെ കച്ചവടത്തിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് അസിൽ പറയുന്നു.ഈ തുകയാണ് പത്ത് ദിവസത്തിനുശേഷം അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്തത്. ജാർഖണ്ഡിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ആൾ അസിലിന്‍റെ കടയിലുള്ള യുപിഎ വഴി പണം അയച്ചതാണ് തുക പിടിച്ചെടുക്കാൻ കാരണമെന്ന് ബാങ്ക് അധികൃതർ പറയുന്നു. പണം അയച്ചത് ആരാണെന്നോ ഇയാൾ അയച്ച തുക എത്രയാണെന്നോ വ്യക്തമല്ല. ആന്ധ്രാ പൊലീസിന്‍റെ നിർദേശപ്രകാരമാണ് ബാങ്കിന്‍റെ നടപടി.
ആരോ അയച്ച തുച്ഛമായ തുകയുടെ പേരിലാണ് തനിക്ക് 25000 രൂപ നഷ്ടമായതെന്ന് അസിൽ പറയുന്നു. 12500 രൂപ അക്കൗണ്ടിൽ ഉള്ളപ്പോഴാണ് 25000 രൂപ പിടിച്ചെടുത്തത്. മൈനസ് ബാലൻസ് ആയതിനാൽ 12500 രൂപ കൂടി അടച്ചാലേ ഇനി അക്കൗണ്ട് ഉപയോഗിക്കാനാകൂ. അസിൽ ജാർഖണ്ഡ് പൊലീസിനെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല.