'പോപുലർ ഫ്രണ്ടിന്റെ നിരോധനം മികച്ച തീരുമാനം,ഇതുപോലെ ആർഎസ്എസിനെയും നിരോധിക്കണം': രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപുലർ ഫ്രണ്ടും ആർഎസ്എസും ഒരുപോലെ കുറ്റക്കാരാണെന്ന്‌ ചെന്നിത്തല

Update: 2022-09-28 03:37 GMT
Advertising

പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് തന്നെ ആർഎസ്എസിനെയും ഇത്തരത്തിൽ നിരോധിക്കണമെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

"കേരളത്തിൽ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആർഎസ്എസിനെയും നിരോധിക്കണം. ഇവിടെ വർഗീയത ആളിക്കത്തിക്കുന്ന കാര്യത്തിൽ പോപുലർ ഫ്രണ്ടും ആർഎസ്എസും ഒരുപോലെ കുറ്റക്കാരാണ്. രണ്ട് പേരുടെയും സമീപനം തെറ്റാണ്. കോൺഗ്രസ് പാർട്ടി എന്നും ന്യൂനപക്ഷ വർഗീയതയ്ക്കും ഭൂരിപക്ഷ വർഗീയതയ്ക്കും എതിരാണ്. വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങൾ എതിർക്കും.

പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ നേരിടുന്നതിൽ കേരള സർക്കാർ കാണിച്ച അലംഭാവം ഇന്നും ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യമാണ്.  ഏത് തരത്തിലുള്ള വർഗീയതയെയും അവസാനിപ്പിക്കണം എന്ന നിലപാടാണ് കോൺഗ്രസിന്റേത്. പിന്നെ മറ്റൊരു കാര്യം ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അവർ മറ്റൊരു പേരിൽ വരും. രാജ്യത്ത് ജനങ്ങളിൽ വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ തടുക്കാൻ മതേതര ശക്തികൾ യോജിച്ച് പോരാടാൻ തയ്യാറാകണം". ചെന്നിത്തല പറഞ്ഞു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി,ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു,ഐഎസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. ക്യാമ്പസ് ഫ്രണ്ട്,റിഹാബ് ഫൗണ്ടേഷൻ ഉൾപ്പടെ പിഎഫ്‌ഐ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാകും. യുപി,ഗുജറാത്ത്,കർണാടക സർക്കാരുകളുടെ ശിപാർശ കൂടി പരിഗണിച്ചാണ് തീരുമാനം. കേരളത്തിലെ കൈവെട്ട് കേസ്,അഭിമന്യൂ,സഞ്ജിത്ത് കൊലപാതകങ്ങൾ എന്നിവയെക്കുറിച്ചും നിരോധന ഉത്തരവിൽ പരമാർശമുണ്ട്.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News