കോൺഗ്രസിന്റെ ഭീരുത്വം കൊണ്ടാണ് നേതാക്കളെ സിപിഎം സെമിനാറിലേക്ക് അയക്കാത്തത്: എളമരം കരീം

'കെ വി തോമസിനെ ക്ഷണിച്ചത് സമ്മേളനത്തിലേക്കല്ല ,സെമിനാറിനാണ്'

Update: 2022-04-07 03:21 GMT
Advertising

കണ്ണൂര്‍: കോൺഗ്രസിന്റെ ഭീരുത്വം കൊണ്ടാണ് നേതാക്കളെ പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് അയക്കാത്തതെന്ന് എളമരം കരീം. കോൺഗ്രസ് സംവാദത്തെ ഭയക്കുന്നു. കെ വി തോമസിനെ ക്ഷണിച്ചത് സമ്മേളനത്തിലേക്കല്ല ,സെമിനാറിനാണ്. കെ വി തോമസ് സിപിഎമ്മിലേക്ക് വരുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും എളമരം കരീം മീഡിയവണിനോട് പറഞ്ഞു.

അതേ സമയം തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞു. തോമസിനെ വിലക്കിയ സുധാകരന്‍റേത് തിരുമണ്ടൻ തീരുമാനമാണെന്നും ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു.

 എന്നാല്‍ സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കെ.വി.തോമസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും. രാവിലെ 11 മണിക്കായിരിക്കും അദ്ദേഹം മാധ്യമങ്ങളെ കാണുക. സെമിനാറിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതിലൂടെ തോമസിനെ ഇടതുപാളയത്തിലെത്തിക്കാനാണ് സി.പി.എം ശ്രമം. കോൺഗ്രസിന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചും തോമസുമായി നിരന്തരം സി.പി.എം നേതാക്കൾ ആശയവിനിമയം നടത്തുന്നതും ഇതിനാലാണെന്നാണ് സൂചന.

കോൺഗ്രസില്‍ അർഹമായ സ്ഥാനം ലഭിക്കുന്നിലെന്ന പരാതി കെ.വി തോമസ് നിരന്തരം ഉന്നയിക്കുന്നുണ്ട്. തോമസ് സി.പി.എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉയർന്നിരുന്നു. ഇതിന് ആക്കം നൽകി കൊണ്ടാണ് പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് സി.പി.എം അദ്ദേഹത്തെ ക്ഷണിക്കുന്നത്. കെ.പി.സി.സി നേതൃത്വം വിലക്കിയിട്ടും സെമിനാറിൽ പങ്കെടുക്കാൻ തോമസ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വീണ്ടും സമീപിച്ചത് അനുകൂല ഘടകമായി സി.പി.എം കരുതുന്നു. തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സി.പി.എം നേതാക്കൾ ആവർത്തിച്ച് പറയുന്നതും ഇതുകൊണ്ടാണ്. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News