ബി.ജെ.പിയുടെ രഹസ്യ ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു, തമ്മിലടി നിർത്തണം': മന്ത്രി മുഹമ്മദ് റിയാസ്
''കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നു''
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിലെ പലരും കോൺഗ്രസിൽ നിന്നുകൊണ്ട് ബി.ജെ.പിയുടെ രഹസ്യ ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോൺഗ്രസ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇത്തരത്തിലുള്ള രഹസ്യ ഏജന്റുമാരാണെന്നും റിയാസ് കുറ്റപ്പെടുത്തി.
നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹിന്ദി ഭൂമിയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട പശ്ചാതലത്തിലാണ് മന്ത്രി റിയാസിന്റെ പ്രതികരണം.
''കോൺഗ്രസിന്റെ പരാജയം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുൾപ്പെടെ ശരിയായ അർഥത്തിൽ ബി.ജെ.പിക്കെതിരെ പോരാടാൻ അവര്‍ക്ക് സാധിക്കുന്നില്ല. തമ്മിലടി പ്രധാന പ്രശ്‌നമായി വരികയാണ്. കോൺഗ്രസിനോടൊപ്പം നിൽക്കുന്ന മതനിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് നേതൃത്വത്തിലെ പലരും''- റിയാസ് പറഞ്ഞു.
''രാജസ്ഥാനിലെ തമ്മിലടിയാണ് പ്രശ്നം. വ്യക്തിഗത നേട്ടങ്ങൾ എന്തെന്ന് നോക്കി ബിജെപി വിരുദ്ധ പോരാട്ടത്തെ ശരിയായ അർത്ഥത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ അവര്‍ക്ക് പറ്റുന്നില്ല. കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രകീര്‍ത്തിക്കുന്നു. അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ്''- റിയാസ് കുറ്റപ്പെടുത്തി.
രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പലരും ഇന്ന് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്, ഇവരെ തിരിച്ചറിയണം- മന്ത്രി വ്യക്തമാക്കി.
More to Watch