വധഗൂഢാലോചനക്കേസ്; ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് ഹരജി സമർപ്പിച്ചത്

Update: 2022-03-09 07:13 GMT
Editor : Lissy P | By : Web Desk
Advertising

വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാർച്ച് 17 ലേക്ക് ഹൈക്കോടതി വീണ്ടും മാറ്റി. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് ഹരജി സമർപ്പിച്ചത്. സർക്കാരിൻറെ വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് സമയം ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കോടതി അംഗീകരിക്കുകയുംമറുപടി നൽകാൻ കോടതി സമയം അനുവദിക്കുകയും ചെയ്തു.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവുകൾ നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ നിർണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. മുംബൈയിലെ ലാബിൽ നടത്തിയ പരിശോധനയിൽ സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ഫോണിലെ വിവരങ്ങൾ മാറ്റാൻ 75,000 രൂപ പ്രതിഫലം ലഭിച്ചെന്നാണ് ലാബ് ജീവനക്കാരന്റെ മൊഴി. ദിലീപ് മൊബൈൽഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാല് ഫോണിനും പ്രതിഫലം ലഭിച്ചതായാണ് ലാബ് ജീവനക്കാരൻ സുഗീന്ദ്ര യാദവിൻറെ മൊഴി. ചില അനധികൃത ഇടപാടുകളും ഈ ലാബ് മുഖേന നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ലാബിലെ കമ്പ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളും നാലു ഫോണുകളുടെയും മിറർ ഇമേജും ക്രൈംബ്രാഞ്ച് ശേഖരിച്ചു.

പ്രതികൾക്ക് ലാബ് പരിചയപ്പെടുത്തുന്നത് ഇൻകം ടാക്‌സ് അസി.കമ്മീഷണർ ആയിരുന്ന വിൻസന്റ് ചൊവ്വല്ലൂരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് ഫോണുകളാണ് മുംബൈയിൽ കൊണ്ടുപോയത്. ഇതിൽ രണ്ട് ഫോണുകൾ മാത്രമേ കോടതി മുഖാന്തരം ഹാജരാക്കിയിട്ടുള്ളൂ. മറ്റ് രണ്ട് ഫോണുകളും ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം, പ്രൊഡക്ഷൻ മാനേജർ റോഷൻ ചിറ്റൂരിന്റെ പേരിലുള്ള സിം കാർഡ് ദിലീപ് ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണിലൂടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിച്ചതെന്നാണ് സംശയിക്കുന്നത്. റോഷൻ ചിറ്റൂരിനെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News