'അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു'; കെഎഫ്‍സിക്കെതിരെ അഴിമതി ആരോപണവുമായി സതീശന്‍
വിശ്വാസ്യത പരിശോധിക്കാതെ മുങ്ങിത്താഴുന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചത്
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ്യൽ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയിൽ, മാനദണ്ഡങ്ങൾ പാലിക്കാതെ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിന്‍റെ അറിവോടെ കമ്മീഷൻ കിട്ടാൻ വേണ്ടി ഉദ്യോഗസ്ഥരാണ് ഇത് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2018 ൽ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 2015 മുതൽ നഷ്ടത്തിലുള്ള അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ചത് അഴിമതി ആണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഒരു മാനദണ്ഡവും നിക്ഷേപത്തിൽ പാലിച്ചിട്ടില്ല. 2018 ലും 2019ലും വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുവെച്ചു.
ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിക്ക് സർക്കാരിന്‍റെ ഒത്താശയുണ്ട്. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്. സതീശന്‍റെ ആരോപണം തള്ളി ധനമന്ത്രിയായിരുന്ന തോമസ് ഐസക് രംഗത്ത് വന്നു. 52% തുക തിരികെ നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അത് പോരെന്ന് സംസ്ഥാനം അറിയിച്ചതായി തോമസ് ഐസക് പറഞ്ഞു. മന്ത്രി അല്ലാത്തതുകൊണ്ട് കൂടുതൽ പ്രതികരിക്കുന്നില്ല. എല്ലാം പൊതുസമൂഹത്തിന് മുമ്പിലുള്ളതാണെന്നും ഐസക് പ്രതിപക്ഷ നേതാവിന് മറുപടി നൽകി.