പപ്സില്‍ വിഷബാധ: ബേക്കറി ഉടമ അരലക്ഷം നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്

Update: 2024-01-12 11:09 GMT
Editor : Shaheer | By : Web Desk
The Ernakulam District Consumer Disputes Redressal Court orders a compensation of Rs 50,000 in food poisoning case
AddThis Website Tools
Advertising

കൊച്ചി: പപ്സ് കഴിച്ച നാലുപേർ അടങ്ങുന്ന കുടുംബത്തിനു ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിലാണു കോടതി ഇടപെടല്‍.

ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണു പരാതി പരിഗണിച്ചത്. മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ.എൻ ഭാസ്കരനെതിരെയാണ് എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർ കോടതിയെ സമീപിച്ചത്.

2019 ജനുവരി 26നാണ് പരാതിക്കാർ ബേക്കറിയിൽ നിന്ന് പപ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചത്. തുടർന്ന് വയറുവേദന, ചർദ്ദി എന്നിവ അനുഭവപ്പെട്ടു. ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇവർ പരാതിയും നൽകി. തുടര്‍ന്ന് ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത ബേക്കറി സാധനങ്ങൾ നൽകിയതിലൂടെ പരാതിക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും മനഃക്ലേശത്തിനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാല്‍, ബേക്കറിയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ കഴിച്ചതിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന വാദം തെറ്റാണെന്ന് എതിർകക്ഷി കമ്മീഷൻ മുന്‍പാകെ ബോധിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാക്കിയ മഹസർ പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഹാജരാക്കിയിട്ടില്ല. ഭഷ്യവസ്തുക്കൾ തുറന്ന് മാറാലയും എട്ടുകാലിയുമുള്ള സ്ഥലത്ത് സൂക്ഷിച്ച നിലയിലായിരുന്നുവെന്നും പ്രാണികളുള്ള ബ്രോക്കൺ നട്ട്സ് ബേക്കറിയിൽനിന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 3,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിലും ബേക്കറിയുടെ ശുചിത്വത്തിൽ അപാകത കണ്ടെത്തി.

സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിൽ എതിർകക്ഷിയുടെ ഭാഗത്തുനിന്നു സേവനത്തിൽ അപര്യാപ്തതയും അധാർമികമായ കച്ചവടരീതിയും ഉണ്ടെന്ന് കോടതി കണ്ടെത്തി. വിവരാവകാശ നിയമം ഉൾപ്പെടെ ഉപയോഗിച്ച് നിയമപോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിച്ചു. ബേക്കറി ഉടമ 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പരാതിക്കാർക്കു വേണ്ടി അഡ്വ. ടോം ജോസഫ് ഹാജാരായി.

Summary: The Ernakulam District Consumer Disputes Redressal Court orders a compensation of Rs 50,000 in food poisoning case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News