ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്

Update: 2025-01-14 11:18 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അഭിഭാഷകരായ എസ്.രാജീവ്, എം.മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.  

കേസിൽ പ്രതിയായ ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

കേസെടുത്തത് മുതൽ ഒളിവിലായിരുന്നു ഷുഹൈബ്. മുൻകൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് ഊർജിതമാക്കിയിരുന്നു.  ഷുഹൈബിനും എംഎസ് സൊല്യൂഷൻസിലെ മറ്റ് അധ്യാപകർക്കും നിരവധി തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല. അധ്യാപകരിൽ പലരും ഒളിവിലാണെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം. 

ഷുഹൈബ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ, എംഎസ് സൊല്യൂഷൻസ് മാത്രമല്ല ചോദ്യങ്ങൾ പ്രവചിച്ചതെന്നും മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതുസംബന്ധിച്ച അധിക റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News