കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും; രജിസ്‌ട്രേഷന് വിദ്യാഭ്യാസ വകുപ്പും സൗകര്യമൊരുക്കും
15, 16, 17 വയസ്സുള്ള കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ മുതലാണ് ആരംഭിക്കുന്നത്
കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കുമെന്നും വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 15, 16, 17 വയസ്സുള്ള കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നാളെ മുതലാണ് ആരംഭിക്കുന്നത്. രജിസ്‌ട്രേഷൻ നടത്താൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കും. സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷൻ നടത്തുന്നതിന് സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ജനുവരി പത്തുമുതൽ മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും.
ഇന്നലെ അഞ്ചു ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് മൈക്രോ വ്യാപനം തടയുന്നതിന് ഉള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിക്കുകയാണ്. ഒമിക്രോൺ വ്യാപനം തടയുന്നതിനുള്ള പ്രത്യേകശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
വാക്‌സിൻ എടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
എല്ലാ കുട്ടികളേയും വാക്‌സിൻ എടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർക്കുലറിലൂടെയാണ് മന്ത്രി നിർദേശം നൽകിയത്. ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. 15 വയസ് മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാനുള്ളത്. സിബിഎസ്ഇ, ഐസിഎസ്ഇ, ഐടിഐ, പോളിടെക്‌നിക് വിദ്യാർഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്‌സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും.
സിബിഎസ്ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്‌സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും - മന്ത്രി അറിയിച്ചു.
The Department of Health has announced that the Covid vaccination of children will begin tomorrow and the state is ready for vaccination.