സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും

ഇന്ന് എക്സിക്യൂട്ടീവും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്

Update: 2023-12-27 01:47 GMT
Editor : Jaisy Thomas | By : Web Desk

സിപിഐ

Advertising

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തി നിലനില്‍ക്കെ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് എക്സിക്യൂട്ടീവും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്. ബിനോയ് വിശ്വത്തെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് സംസ്ഥാന കൗൺസിലും അംഗീകരിക്കും.

കാനം രാജേന്ദ്രന്‍റെ മരണത്തിന് പിന്നാലെ ചേർന്ന നേതൃയോഗത്തിലാണ് സിപിഐ ദേശീയ നിർവ്വാഹകസമിതി അംഗമായ ബിനോയ് വിശ്വത്തെ സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. തന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ മാറുന്നത് വരെ ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്ന് മരിക്കുന്നതിന്‍ മുന്‍പ് കാനം ആവശ്യപ്പെട്ടിരുന്നു. തീരുമാനം വന്നതിന് പിന്നാലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയില്‍ രംഗത്ത് വന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ നിയമനമെന്നും ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദ്യവും ഇസ്മയില്‍ മുന്നോട്ട് വച്ചിരുന്നു.

സംസ്ഥാന നേതൃത്വത്തില്‍ കെ.ഇ ഇസ്മയില്‍ ഇല്ലെങ്കിലും അദ്ദേഹത്തെ അനൂകൂലിക്കുന്നവർ ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തേക്കാം. എന്നാല്‍ തീരുമാനത്തില്‍ മാറ്റം വരാനുള്ള സാധ്യതയില്ല. ബിനോയിയുടെ നിയമനത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ അംഗീകരിക്കും. അതേസമയം കാനത്തിന്‍റെ വിടവാങ്ങലിന് പിന്നാലെ സി.പി.ഐയില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്ക ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. നവകേരള സദസ്സുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടായേക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News