സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാർ നാളെയാണ്.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. വൈകിട്ട് 4 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാർ നാളെയാണ്.
സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഒക്ടോബർ മൂന്ന് വരെയാണ് സംസ്ഥാന സമ്മേളനം. പതാക, ബാനർ, കൊടിമര ജാഥകൾ 4 മണിയോടെ പുത്തരിക്കണ്ടം മൈതാനത്തെത്തും. പ്രതിനിധി സമ്മേളനവും ദേശീയ നേതാക്കളടക്കം പങ്കെടുക്കുന്ന സെമിനാറും നാളെയാണ്. ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പിണറായി വിജയന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കും.
ടാഗോർ തിയറ്ററിലെ പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് സി.ദിവാകരനാണ് പതാക ഉയർത്തുക. ജനറൽ സെക്രട്ടറി ഡി. രാജ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിരീക്ഷകർ അടക്കം 563 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. 3 ദിവസത്തെ ചർച്ചകൾക്കു ശേഷം തിങ്കളാഴ്ച പുതിയ സെക്രട്ടറിയെയും സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുക്കും. വിജയവാഡയിലെ പാർട്ടി കോൺഗ്രസിന് പ്രതിനിധികളെ തെരഞ്ഞെടുത്ത് മൂന്നിന് സമ്മേളനം സമാപിക്കും.