ഏക സിവിൽ കോഡിലെ ചർച്ചകളിൽ മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിൽ സി.പി.ഐക്ക് അതൃപ്തി

കരട് പോലും തയ്യാറാകാത്ത ഒരു നിയമത്തെ കുറിച്ച് ഇപ്പോൾ ഇത്രയും വലിയ രാഷ്ട്രീയ ചർച്ച ഉയർത്തുന്നത് എന്തിനാണെന്നാണ് സി.പി.ഐയുടെ ചോദ്യം

Update: 2023-07-11 03:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം:  ഏക സിവിൽകോഡിലെ സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതടക്കമുള്ള കാര്യങ്ങളിൽ സിപിഐയ്ക്ക് അതൃപ്തി. നിയമത്തിന്റെ കരട് പോലും ആകുന്നതിന്  മുമ്പ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയുണ്ടാക്കുന്നതിലും സി.പി.ഐക്ക് എതിർപ്പുണ്ട്. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗങ്ങളിൽ ഏക സിവിൽകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.ഐ ചർച്ച ചെയ്യും.

സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരി കൊണ്ടത്.  സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടും ചർച്ചകൾ അവസാനിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ വലിയ രാഷ്ട്രീയ ചർച്ചയിൽ സി.പി.ഐ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

നിലവിലെ ചർച്ചകളിൽ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. സംസ്ഥാനം ഭരിക്കുന്ന പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ ലീഗിനെ ക്ഷണിച്ചതിലും അത് വലിയ ചർച്ചയാക്കി മാറ്റിയതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്. മാത്രമല്ല കരട് പോലും ആകാത്ത ഒരു നിയമത്തിന്റെ പേരിൽ വലിയ രാഷ്ട്രീയ കോലാഹലം ഇപ്പോൾ സൃഷ്ടിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും സി.പി.ഐക്കുണ്ട്.

2018 ൽ റിട്ടയേർഡ് ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ ചെയർമാനായ 21 ാം ലോകമ്മീഷനാണ് യു.സി.സി അപ്പോൾ അനാവശ്യമാണെന്ന് റിപ്പോർട്ട് നൽകിയത്. അതിന് ശേഷം 2022 നംവബറിലാണ് 22ാം ലോകമ്മീഷൻറെ ചെയർമാനായി റിട്ടയേഡ് ജസ്റ്റിസ് റിതുരാജ് അവാസ്തിയെ നിയമിച്ചത്. ആ റിപ്പോർട്ട് ഇതുവരെ പൂർണ്ണമായിട്ടില്ല. അങ്ങനെ കരട് പോലും തയ്യാറാകാത്ത ഒരു നിയമത്തെ കുറിച്ച് ഇപ്പോൾ ഇത്രയും വലിയ രാഷ്ട്രീയ ചർച്ച ഉയർത്തുന്നത് എന്തിനാണെന്നാണ് സി.പി.ഐയുടെ ചോദ്യം. ഈ മാസം 14 മുതൽ 16 വരെ ഡൽഹിൽ ദേശീയ നേതൃയോഗം ചേരുന്നുണ്ട്.അതിന് ശേഷം സംസ്ഥാന നേതൃയോഗങ്ങളും ഇതിന് ശേഷം കാര്യമായ പരസ്യപ്രതികരണത്തിലേക്ക് പോയാൽ മതിയെന്നാണ് സി.പി.ഐ തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News