മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സി.പി.ഐ; മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി

മുകേഷ് മാറി നിൽക്കണം എന്നതാണ് സി.പി.​ഐ നിലപാടെന്ന് ബിനോയ് വിശ്വം പിണറായി വിജയനെ അറിയിച്ചു

Update: 2024-08-29 18:34 GMT
Advertising

തിരുവനന്തപുരം: ​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എൽ.എ മുകേഷിനെതിരെ കടുത്ത നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ് ഘടക കക്ഷിയായ സി പി ഐ രംഗത്തെത്തിയിരിക്കുന്നത്. മുകേഷ് മാറി നിൽക്കണം എന്നതാണ് പാർട്ടി നിലപാടെന്ന് ബിനോയ് വിശ്വം പിണറായിയെ അറിയിച്ചു.

മുകേഷ് ധാർമികതയുടെ പേരിൽ മാറി നിൽക്കണമെന്നതാണ് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. യോ​ഗത്തിൽ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരി​ഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്.

മുകേഷിന്റെ രാജിയിൽ ബിനോയ് വിശ്വം മൃദുവായ നിലപാടാണ് നേരത്തെ എടുത്തിരുന്നത്. എൽഡിഎഫ് സർക്കാർ പോകുന്നത് ശരിയായ പക്ഷത്താണെന്നും സർക്കാറിന്റേത് സ്ത്രീപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി യോ​ഗത്തിലെ ഭൂരിപക്ഷ തീരുമാനം മുകേഷിനെതിരായതോടെ ബിനോയ് വിശ്വവും നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.

അതേസമയം ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പാർട്ടി അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News