പിന്തുണച്ചത് രാഹുലിനെയല്ല, കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തത്: എം.വി ഗോവിന്ദന്‍
'പ്രതിപക്ഷ പാർട്ടികളോടുള്ള കേന്ദ്ര ഏജൻസികളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്'
ഡല്‍ഹി: രാഹുൽ ഗാന്ധിക്കല്ല സി.പി.എം പിന്തുണ നൽകിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യക്തിപരമായി ആർക്കുമല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളോടുള്ള കേന്ദ്ര ഏജൻസികളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. ഓരോ സംസ്ഥാനങ്ങളിലെയും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിലടക്കം സി.പി.എമ്മിന്‍റെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഏത് ഉപതെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുപക്ഷം തയ്യാറാണെന്ന് എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല. അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് അയോഗ്യനാക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറയുകയുണ്ടായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പ്രതികരിക്കുകയുണ്ടായി. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു.