'കേരള കോൺഗ്രസ് മുന്നണി വിടാൻ സാധ്യത, വിട്ടുവീഴ്ച വേണം'; സിപിഐയോട് സിപിഎം

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്

Update: 2024-06-08 06:11 GMT
Advertising

തിരുവനന്തപുരം: കേരള കോൺഗ്രസ് മുന്നണി വിടാൻ സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ച വേണമെന്ന് സിപിഐയോട് സിപിഎം. എന്നാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭാ സീറ്റ് തർക്കം പരിഹരിക്കാൻ ഇടതുമുന്നണി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

എളമരം കരീമും ബിനോയ് വിശ്വവും ജോസ് കെ.മാണിയും ഒഴിയുന്നതോടെ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈ മാസം 1ഓടെ ഒഴിവു വരുന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ജയിക്കാൻ കഴിയുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന്റേതായിരിക്കും. മറ്റൊരു സീറ്റിന് വേണ്ടി നാല് പാർട്ടികളാണ് രംഗത്തുള്ളത്- സിപിഐയും ആർജെഡിയും കേരള കോൺഗ്രസ് എമ്മും എൻസിപിയും. ഇതിൽ എൻസിപി ഒഴികെ മറ്റ് മൂന്ന് പാർട്ടികൾ കടുത്ത നിലപാടിലാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉഭയകക്ഷി ചർച്ചയും.

സിപിഐയ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് ചർച്ചയിൽ പങ്കെടുത്തത്. മുന്നണിയുടെ കെട്ടുറപ്പിനായി വിട്ടുവീഴ്ചകൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ ആവശ്യപ്പെട്ടെങ്കിലും യോജിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയാണ് തങ്ങളെന്നും 17എംഎൽഎമാർ തങ്ങൾക്കുണ്ടെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം മുന്നണിയെ അറിയിച്ചു. സിപിഐയുമായി സിപിഎം വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

Full View

ഇതിനിടെ തങ്ങൾക്ക് സീറ്റ് അനിവാര്യമാണെന്നറിയിച്ച് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയും രംഗത്തെത്തി. തിങ്കളാഴ്ച മുന്നണിയെടുക്കുന്ന തീരുമാനത്തിൽ ശുഭപ്രതീക്ഷയെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. മുന്നണി മാറ്റമെന്ന തരത്തിൽ പ്രചരിക്കുന്നത് പൊളിറ്റിക്കൽ ഗോസിപ്പാണെന്നും ജയപരാജയങ്ങളല്ല മുന്നണി മാറ്റം തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News