പൊലീസ് മർദനത്തിൽ നട്ടെല്ല് തകർന്ന പ്രവർത്തകനെ കയ്യൊഴിഞ്ഞ് സി.പി.എം
കൊച്ചി പള്ളുരുത്തി സ്വദേശി സലിം കുമാർ കിടപ്പിലായിട്ട് വർഷങ്ങൾ
പൊലീസ് മർദനത്തിൽ കിടപ്പിലായ ബ്രാഞ്ച് അംഗത്തെ കയ്യൊഴിഞ്ഞ് സി.പി.എം. നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ പള്ളുരുത്തി സ്വദേശി സലിം കുമാർ സഹായം ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. 32 വർഷം മുമ്പ് പള്ളുരുത്തി സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പിനിടെയായിരുന്നു സലിം കുമാറിന് ക്രൂരമർദനമേറ്റത്. പാർട്ടിയുടെ സമര പോരാട്ടങ്ങളുടെ മുൻനിരയിൽ എന്നും സലിം ഉണ്ടായിരുന്നു. 1989ൽ പള്ളുരുത്തി സഹകരണ സംഘത്തിലെ, തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയായിരുന്നു പൊലീസിന്റെ ക്രൂരമർദനം.സെല്ലിൽ ഇട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
സി.പി.എം കോണം സൗത്ത് ബ്രാഞ്ച് അംഗമായിരുന്ന സലിം കുമാറിന്റെ ചികിത്സ ആദ്യം പാർട്ടി ഏറ്റെടുത്തിരുന്നു. നട്ടെല്ലിന്റെ വേദന കടിച്ചമർത്തി പിന്നെയും സി.പി.എമ്മിനുവേണ്ടി പ്രവർത്തനം നടത്തി. എന്നാൽ ആലപ്പുഴ എരമല്ലൂരിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് എഴുന്നേറ്റിരിക്കാൻ കഴിയാത്ത വിധം കിടപ്പിലായി പോയത്.
ചികിത്സക്കായി വീണ്ടും സി.പി.എമ്മിനെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി സലിം കുമാറിനെ വീണ്ടും തളർത്തി.ഇപ്പോൾ സജീവമല്ലാത്തതുകൊണ്ട് സഹായിക്കാൻ കഴിയില്ലെന്നായിരുന്നു പാർട്ടിയുടെ മറുപടി. പാർട്ടി ഇനി സഹായിക്കുമെന്ന് തോന്നുന്നില്ലെന്ന് സലിം കുമാർ പറയുന്നു. ഒരു ബ്രാഞ്ച് 1000 രൂപ തന്നാൽ എന്റെ ചികിത്സ നടക്കുമെന്നും സലിം പറയുന്നു. ചികിത്സക്ക് തികയില്ലെങ്കിലും തൊഴിലുറപ്പ് ജോലിയിലൂടെ ലഭിക്കുന്ന ഭാര്യയുടെ വരുമാനത്തിലാണ് ഇപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. അതേ സമയം സലിംകുമാറിന് സഹായം എത്തിക്കുമെന്ന് എ.എം ആരിഫ് എം.പി. മരുന്നുൾപ്പെടെയുള്ള സഹായങ്ങൾ നൽകും.സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന സലിംകുമാർ ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലാണെന്ന മീഡിയവൺ വാർത്തയോടാണ് ആരിഫ് എം.പിയുടെ പ്രതികരിച്ചത്.