തളിപ്പറമ്പിലെ വിഭാഗീയത; വിമത വിഭാഗത്തിനെതിരെ നടപടിക്കൊരുങ്ങി സിപിഎം
സമ്മേളന കാലമായതിനാൽ വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ തത്കാലം നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിൻറെ നിലപാട്. ഇതിനിടെയാണ് ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി വിമത വിഭാഗത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് മേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്
കണ്ണൂർ തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശിപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരനടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങളോട് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ, പാർട്ടി അംഗങ്ങളായ കെ.എം. വിജേഷ്, കെ. ബിജു, സച്ചിൻ, എം. വിജേഷ്,അമൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്കൽ കമ്മിറ്റി ഇവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്.സമ്മേളന കാലമായതിനാൽ വിഭാഗീയതക്ക് നേതൃത്വം നൽകിയവർക്കെതിരെ തത്കാലം നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിൻറെ നിലപാട്.
ഇതിനിടെയാണ് ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി വിമത വിഭാഗത്തിനെതിരെ അടിയന്തര നടപടി വേണമെന്ന് മേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇത് ഏരിയ-ജില്ലാ നേതൃത്വങ്ങൾ അംഗീകരിച്ചാൽ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.