പാനൂര്‍ സ്‌ഫോടനം: സിപിഎമ്മിന് പങ്കില്ലെന്ന് വിനീഷിന്റെ പിതാവ്
മകന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് താനും പാര്‍ട്ടിയും ചോദ്യം ചെയ്തിരുന്നുവെന്നും പിതാവ് നാണു
കോഴിക്കോട്: പാനൂര്‍ സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പരിക്കേറ്റ വിനീഷിന്റെ പിതാവ്. ബോംബ് നിര്‍മ്മിച്ചത് മകനും സുഹൃത്തുക്കളും ചേര്‍ന്നാണെന്നും മകന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് താനും പാര്‍ട്ടിയും ചോദ്യം ചെയ്തിരുന്നുവെന്നും പിതാവ് നാണു. പാര്‍ട്ടിയുടേയോ തന്റെയോ അറിവിലല്ല ഇക്കാര്യങ്ങളെല്ലാം നടന്നത്. മകന് പാര്‍ട്ടിയുമായി ബന്ധമോ ചുമതലയോ ഇല്ല.
എന്തിനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് മകനും സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയൂ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ കൂടെ സെല്‍ഫി എടുത്തത് കൊണ്ട് പാര്‍ട്ടിയുമായി ബന്ധമുണ്ടാകില്ലെന്നും നാണു പറഞ്ഞു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമേതസമയം പാനൂര്‍ സ്‌ഫോടന കേസില്‍ രണ്ട് പേര്‍ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി.