‘മെക് 7നെ എതിർക്കേണ്ട കാര്യം സിപിഎമ്മിനില്ല’; നിലപാട് മയപ്പെടുത്തി പി. മോഹനൻ
‘ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘ് പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു’
Update: 2024-12-15 07:03 GMT
കോഴിക്കോട്: വ്യായാമ കൂട്ടായ്മയായ മെക് 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. മെക് 7നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പൊതുയിടങ്ങളില്‍ മതരാഷ്ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അപൂർവമായി ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘ് പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം.
ഒരു മതത്തെയും കുറിച്ച് പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും പി. മോഹനൻ പറഞ്ഞു.